കൊല്ലം: കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരത്ത് ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീനയാണ് മരിച്ചത്. 34 വയസായിരുന്നു. രാവിലെയാണ് ഷീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകൾ നിലയിലേക്കു പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഷീനയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരിയുടെ ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. എന്നാൽ, രാജേഷിന്റെ സഹോദരി ഷീനയെ മർദിക്കുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഭർത്താവിന്റെ മുന്നിൽവച്ചു പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു എന്നും കുടുംബം ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ, പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post