കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്പികത മുഖര്‍ജിയുടെ വസതിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 20 കോടിയോളം രൂപ പിടിച്ചെടുത്തു.
വെസ്റ്റ് ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മിഷന്, വെസ്റ്റ് ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. കുംഭകോണവുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണ് കരുതുന്നത്.
500, 2000 രൂപ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ കൂടുതല്‍. പിടിച്ചെടുത്ത തുക എണ്ണുന്നതിന് വേണ്ടി ബാങ്ക് അധികൃതരുടെ സഹായം ഇഡി ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. 20 മൊബൈല്‍ ഫോണുകളും അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റുള്ളവരുടെ വസതികളിലും റെയ്ഡ് നടന്നിട്ടുണ്ട്.
അനധികൃത രേഖകള്‍, റെക്കോര്‍ഡുകള്‍, വ്യാജ കമ്പനികളുടെ വിവരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിദേശ കറന്‍സികള്‍, സ്വര്‍ണ്ണം എന്നിവ ഈ വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാര്‍ത്ഥ ചാറ്റര്‍ജിക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. പാര്‍ത്ഥ ചാറ്റര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡ് നടത്തുന്നുണ്ട്.
Discussion about this post