ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകളേയും അനാവശ്യ ധൂര്‍ത്തിനേയും പ്രോപ്പഗണ്ട രാഷ്ട്രീയത്തേയും പരിഹസിച്ചും വിമര്‍ശിച്ചും ദി ടെലിഗ്രാഫ് പത്രം. ‘മീറ്റ് ദ ആക്സിഡന്റല്‍ ടൂറിസ്റ്റ്’ എന്ന തലക്കെട്ടിലൂടെയാണ് ടെലിഗ്രാഫ് മോഡിയെ വിമര്‍ശിക്കുന്നത്.
മോഡിയുടെ വിദേശ യാത്രയുടെ ചിലവു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് പത്രത്തിലെ വാര്‍ത്ത. തലക്കെട്ടിന് പ്രചോദനമായിരിക്കുന്നതാകട്ടെ, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെക്കുറിച്ചുള്ള ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയും.
2021 കോടിയാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ക്ക് ചിലവഴിച്ചതെന്ന കണക്കുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. പിന്നാലെ മോഡി പരസ്യങ്ങള്‍ക്കായി ചിലവഴിച്ച തുക കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.
അനുപം ഖേര്‍ നായകനായ ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമയുടെ ടീസര്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ ഷെയര്‍ ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മോഡിയെ ആക്സിഡന്റല്‍ പ്രധാനമന്ത്രിക്ക് പബ്ലിസിറ്റി നല്കുന്നയാള് എന്നാണ് ടെലിഗ്രാഫ് വിശേഷിപ്പിച്ചത്.
നേരത്തെയും ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരപരാധികള്‍ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ‘THE NASHUN’ എന്ന തലക്കെട്ടു നല്‍കിയാണ് ടെലിഗ്രാഫ് വിമര്‍ശിച്ചത്.
Discussion about this post