കോഴിക്കോട്: വനിതാചലച്ചിത്രമേളയിൽ പങ്കെടുപ്പിക്കാതിരിക്കുകയും തന്റെ സിനിമ തഴയുകയും ചെയ്തതിന് എതിരെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞിലാ മസിലാമണിക്ക് പിന്തുണയുമായി വിധു വിൻസന്റ്. സംവിധായികയെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ഇടയായ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് സംവിധായിക വിധു വിൻസെന്റ് തന്റെ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നതിനെ വിലക്കി. ‘വൈറൽ സെബി’ എന്ന തന്റെ സിനിമ ഫെസ്റ്റിവലിൽനിന്ന് പിൻവലിക്കുന്നതായി വിധു ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് ഈ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ‘അസംഘടിതർ’ എന്ന തന്റെ സിനിമ വനിതാ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കിയതിനെതിരേ സംവിധായിക കുഞ്ഞിലാ മസിലാമണി അന്താരാഷ്ട്ര വനിതാചലചിത്രമേളയിൽ പ്രതിഷേധിച്ചിരുന്നു.
മേളയുടെ ഉദ്ഘാടനം തുടങ്ങുന്നതിന് തൊട്ടുമുൻപ് വേദിയിൽ കയറി പ്രതിഷേധിച്ച കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത പോലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
വിധു വിൻസന്റിന്റെ കുറിപ്പ്:
വനിതാ ഫെസ്റ്റിവലിൽ നിന്ന് എന്റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു.
ശ്രീ N M ബാദുഷ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം17 th July 2022 ,10 മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു Post ലൂടെ
സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്റെ ചിത്രം വനിതാ ഫെസ്റ്റിവലിൽ നിന്ന്പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കാരണങ്ങൾ –
1. വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തു തന്നെ
യായാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകൾ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാസംവിധായികയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലു ള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂ. ഇക്കാര്യത്തിൽ ഞാൻ കുഞ്ഞിലക്ക് ഒപ്പം നില്ക്കാൻ ആഗ്രഹിക്കുന്നു.
2. സമം പരിപാടിയുമായി സഹകരിച്ച് വനിതാ ഫെസ്റ്റിവലിൽ വനിതാ സിനിമാ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിന്റൈ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടു ള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും . ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.
3. കേരളത്തിലെ വനിതാ സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണ ല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസെത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.
4. കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള short film ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള short fiction വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ?
അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നല്കിയത് എന്നാണ്. അതേസമയം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ OTT യിൽ റിലീസ് ചെയ്ത ചിത്രങൾ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തിൽ ചിത്രങ്ങൾ ചെയ്യുന്ന വനിതാ സംവിധായകരുടെ നേർക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം .
മുകളിൽ പറഞ്ഞ ഈ കാരണങ്ങളാൽ ഈ മേളയിൽ നിന്ന് വിട്ടു നില്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം എന്റെ സിനിമ പിൻവലിക്കാനും.
‘ഒരു സ്ത്രീ നട്ടെല്ലുയർത്തി
നേരേ നില്ക്കാൻ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. ‘ – മായ ആഞ്ജലോയോട് കടപ്പാട്.
Discussion about this post