ന്യൂഡല്‍ഹി; അമ്മ എന്ന വാക്കിന് അര്‍ത്ഥം പലതാണ്. ആ വാക്കിന്റെ ജീവന് നിലച്ചാല്‍ പിന്നെ ജീവിതം തന്നെ ശൂന്യമാകും എന്ന തോന്നല്‍ ഉണ്ടാവും. അതുപോലെ മക്കള്‍ക്ക് ഒരു ചെറിയ മുറിവ് പറ്റിയാല്‍ പിടയുന്നത് അമ്മയുടെ നെഞ്ചകമാണ്. എന്നാല്‍ ജീവനായ ജീവന് ഇല്ലാതായാലോ ? ആ മനസിന്റെ നോവ് അങ്ങേയറ്റം ആയിരിക്കും. ഈ വേദനയും പിടച്ചിലും മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല. മൃഗങ്ങള്‍ക്കിടയിലും ഉണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്. ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിങ്ങാണ് പാര്‍ക്ക് സന്ദര്‍ശന വേളയില്‍ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ജീവനറ്റ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പാല് കൊടുക്കാനും കളിപ്പിക്കാനും ശ്രമിക്കുന്ന അമ്മ കുരങ്ങിന്റെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍. കടുത്ത ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സമയമായിരുന്നു കുട്ടി കുരങ്ങന്റെ മരണം. കടുത്ത ചൂട് താങ്ങാന്‍ പറ്റാതെയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് മരിച്ച് വീണത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അവിടെ രേഖപ്പെടുത്തിയ ചൂട്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങന്റെ മരണം കടുത്ത ചൂടു കാരണമാകാം സംഭവിച്ചതെന്നാണ് നിഗമനം.
അര്‍ച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കണ്ട് മുട്ടുന്ന സമയത്ത് കുരങ്ങിന് ജീവനുണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം അര്‍ച്ചന ഇവരെ പിന്തുടര്ന്നു. ഇതിനിടെയിലെപ്പോഴോ ആണ് കുഞ്ഞിന്റെ ജീവന് നഷ്ടമായത്. കുഞ്ഞിന്റെ ജീവനറ്റെന്നു മനസ്സിലായെങ്കിലും അതിനെ ഉപേക്ഷിക്കാന്‍ ആ അമ്മക്കുരങ്ങ് തയാറായിരുന്നില്ല. കുഞ്ഞിന്റെ ജീവന് നഷ്ടമായി എന്ന് അറിഞ്ഞിട്ടും മാറോട് അണച്ച് അമ്മ കുരങ്ങ് മുന്പോട്ട് പോവുകയായിരുന്നു. ഇതിനിടയില്‍ പലപ്പോഴും കുഞ്ഞിനെ കളിപ്പിക്കാനും പാലൂട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വേര്‍പാടുകളുടെ വേദനകള്‍ അതേ തീവ്രതയോടെ അനുഭവിക്കുന്നവരാണെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ വേര്‍പാട് മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും അത് താങ്ങാവുന്നതിലും അധികമാണ്. കണ്ണീരടക്കാനാവാതെയാണ് താന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അര്‍ച്ചന പറയുന്നു.
ജീവനറ്റ കുഞ്ഞിനെയും തൂക്കിയെടുത്ത് മരത്തില്‍ കയറി ചാരിയിരുന്ന ആ അമ്മയുടെ അടുത്തേക്ക് മറ്റൊരു കുരങ്ങനും എത്തി. ആ കുരങ്ങന് കുഞ്ഞിന്റെ തലയിലും ശരീരത്തിലും പിടിച്ചു നോക്കി അത് ചത്തെന്നു മനസ്സിലാക്കി ആ അമ്മയുടെ ഇരു തോളിലും കൈകളും തലയും ചേര്‍ത്തു വച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വൈകാരികമായ നിമിഷങ്ങളായിരുന്നു അത്.
Discussion about this post