ചെന്നൈ: നടി മീനയുടെ ഭർത്താവ് അന്തരിച്ചു. വിദ്യാസാഗറാണ് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു.
ഇതിനിടെയാണ് കൊവിഡ് ബാധയും പിടികൂടിയത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യനില വഷളായി. അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.
വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.
ബംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ, ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.
Discussion about this post