വാരണാസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്തു. വന്‍ അപകടമാണ് ഒഴിവായത്. ഹെലികോപ്ടറില്‍ പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. വാരണാസിയിലാണ് സംഭവം. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടനെയാണ് അപകടം.
വാരണാസിയിലെ വികസന പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തി ഇന്നലെ രാത്രി അവിടെ തങ്ങിയ യോഗി ആദിത്യനാഥ് ഇന്ന് രാവിലെയാണ് പോലീസ് ലൈനില്‍ നിന്ന് ലഖ്നൗവിലേയ്ക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഹെലികോപ്ടര്‍ പറന്ന് പൊങ്ങി ഉടന്‍ തന്നെ പക്ഷി വന്നിടിക്കുകയായിരുന്നു. അതിനുശേഷം ഇവിടെ പെട്ടെന്ന് അടിയന്തിരമായി ഇറങ്ങേണ്ടി വന്നു. ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി സര്‍ക്യൂട്ട് ഹൗസില്‍ തിരിച്ചെത്തിയെന്നും മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് പ്രാഥമിക വിവരം. അദ്ദേഹം സര്‍ക്കാര്‍ വിമാനത്തില്‍ ഉടന്‍ ലഖ്‌നൗവിലേക്ക് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വാരണാസിയില്‍ എത്തിയ മുഖ്യമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ വികസന പ്രവര്‍ത്തനങ്ങളും ക്രമസമാധാനവും അവലോകനം ചെയ്തിരുന്നു. ഒരു രാത്രി വാരണാസിയില്‍ തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ ലഖ്നൗവിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ശനിയാഴ്ച , ലഖ്നൗവില്‍ സ്വാമിത്വ പദ്ധതിക്ക് കീഴിലുള്ള 11 ലക്ഷം കുടുംബങ്ങള്‍ക്ക് ആദിത്യനാഥ് ഓണ്‍ലൈന്‍ ഗ്രാമീണ റസിഡന്‍ഷ്യല്‍ രേഖകള്‍ വിതരണം ചെയ്തു. ലോക്ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍.
Discussion about this post