ന്യൂഡല്‍ഹി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ജലം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ 14 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. നാവികസേന സംഘം നടത്തിയ തെരച്ചിലില്‍ മൂന്ന് ഹെല്‍മറ്റുകള്‍ കണ്ടെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം സഹായം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ചീഫ് ഫയര്‍ ഓഫീസര്‍ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മേഘാലയിലെത്തിയത്.
ഇന്നലെയാണ് അത്യാധുനിക യന്ത്രസംവിധാനങ്ങളുമായി വിശാഖപട്ടണത്തുനിന്നുള്ള സംഘം മേഘാലയയിലേക്ക് എത്തിയത്. നേരത്തെ വ്യേമസേനയുടെ സംഘവും രക്ഷാപ്രവര്‍ത്തനത്തിന് മേഘാലയയില്‍ എത്തിയിരുന്നു.
ഖനിയില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിനായി ശക്തിയേറിയ പമ്പുകളുമായി സ്ഥലത്തെത്തിയ ഒഡീഷ ഫയര്‍ സര്‍വീസിലെ വിദഗ്ധ സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് നേരത്തെ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) അറിയിച്ചിരുന്നു. തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ 13 നാണ് സമീപത്തെ നദി കരകവിഞ്ഞ് 370 അടി ആഴമുള്ള ഖനിയില്‍ വെള്ളം പൊങ്ങിയതോടെയാണ് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്.
Discussion about this post