ഏവരും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന 10-ാം ക്ലാസ് പരീക്ഷാഫലം 15 ന് പുറത്തുവിടുന്നതാണ്. ഈ ഫലം വരുന്നത് കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും നാടും നാട്ടുകാരും. എന്നാൽ പത്താം ക്ലാസിലെ പരീക്ഷയിൽ ഉയർന്ന് മാർക്ക് നേടിയില്ലെങ്കിലും എത്തേണ്ടിടത്ത് കൃത്യമായി തന്നെ നാം എത്തുമെന്ന് അറിയിച്ച് തന്റെ 10-ാം ക്ലാസിലെ പാസ് മാർക്ക് ലഭിച്ചത് പുറത്ത് വിട്ടിരിക്കുകയാണ് ഒരു കളക്ടർ.
പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കളക്ടറുടെ മാർക്ക് ജീവിതത്തിൽ ആത്മവിശ്വാസം കൂടി പകരുന്നതാണെന്നാണ് സോഷ്യൽമീഡിയ പറഞ്ഞുവെയ്ക്കുന്നത്. ഗുജറാത്തിലെ ഭരൂച് ജില്ലാകളക്ടറായ തുഷാർ ഡി. സുമേരെയുടെ മാർക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചത്. ബോർഡ് പരീക്ഷയിൽ ഇംഗ്ലീഷിന് 35 ഉം ഗണിതശാസ്ത്രത്തിന് 36 ഉം മാർക്ക് നേടിയാണ് പത്താം ക്ലാസ്സെന്ന കടമ്പ കടന്നതെന്നാണ് തുഷാർ പറയുന്നത്.
Thank You Sir https://t.co/MFnZ7vSICz
— Tushar D. Sumera,IAS (@TusharSumeraIAS) June 11, 2022
തുഷാറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ റിപ്പോർട്ട് കാർഡിന്റെ അവ്യക്തമായ ചിത്രവും ചേർത്ത് 2009 ബാച്ച് ചണ്ഡീഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ട്വിറ്ററിലൂടെ ഷെയർ ചെയ്തു. പത്താം ക്ലാസ് പരീക്ഷയിൽ വെറും പാസ് മാർക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ഒരിക്കലും ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് സാധിക്കില്ലെന്ന് സ്കൂൾ അധികൃതരും ഗ്രാമം മൊത്തവും അന്ന് പറഞ്ഞിരുന്നതായും തുഷാർ പറഞ്ഞതായി അവനീഷ് ട്വിറ്ററിൽ കുറിച്ചു.
അവനീഷിന്റെ ട്വീറ്റ് ഷെയർ ചെയ്ത് തുഷാർ ട്വിറ്ററീലൂടെ നന്ദി അറിയിക്കുകയും ചെയ്തു. 2012 ലാണ് തുഷാർ ഐഎഎസ് നേടുന്നത്. യുപിഎസ് സി പരീക്ഷയെഴുതുന്നതിന് മുമ്പ് തുഷാർ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post