പ്രയാഗ് രാജ്: കുട്ടികൾക്ക് പോലും കൃത്യമായി ചികിത്സ ലഭിക്കാതെ മരണസംഖ്യ ഉയരുന്ന നാട്ടിൽ പശുവിനെ ചികിത്സിക്കാൻ സർക്കാർ ഏർപ്പാടാക്കിയത് ഏഴ് ഡോക്ടർമാരെ. ഉത്തർപ്രദേശിലെ ഫത്തേഹ്പൂറിലെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായഉദ്യോഗസ്ഥ അപൂർവ ദുബെ ഐഎഎസിന്റെ വീട്ടിലെ പശുവിനെ ചികിത്സിക്കുന്നതിന് വേണ്ടി യാണ് പ്രദേശത്തെ ഏഴ് മൃഗ ഡോക്ടർമാരെയാണ് നിയമിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിലൂടെയാണ് ഈ വാർത്ത പുറംലോകത്തെത്തിയത്.
സർക്കാർ തയ്യാറാക്കിയ ഉത്തരവിൽ ഓരോ ദിവസവും ചുമതലയെടുക്കേണ്ട ഓരോ ഡോക്ടർമാരുടെയും പേരുകളും ഉണ്ട്. ചീഫ് വെറ്റിനററി ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഭിത്തൗറ, എരായൻ, ഉകത്തു, ഗാസിപൂർ, മാൾവ, അസോത്താർ, ഹസ്വ എന്നിവിടങ്ങളിലെ മൃഗഡോക്ടർമാരോടാണ് രാവിലെയും വൈകുന്നേരവും ദിവസവും രണ്ടുതവണ രോഗം ബാധിച്ച പശുവിനെ പരിശോധിക്കാൻ ഉത്തരവിട്ടിട്ടുള്ളത്.
ജില്ലാ മജിസ്‌ട്രേറ്റിന്റെ പശുവിന് മസ്തിഷ്‌ക ജ്വരം ബാധിച്ചിരിക്കുകയാണെന്നും അകിടിൽ പാൽ കെട്ടിക്കിടക്കുകയാണെന്നും അതിനുള്ള പരിഹാരം കണ്ടെത്തുകയാണ് ഡോക്ടർമാരുടെ ജോലിയെന്നും ഉത്തരവിൽ എടുത്തു പറയുന്നു. കൂടാതെ ഏതെങ്കിലും ഒരു ഡോക്ടർ അവധിയിൽ പ്രവേശിച്ചാൽ മറ്റൊരു ഡോക്ടർ ആ പശുവിനെ ചികിത്സിക്കണമെന്നാണ് നിബന്ധന.
വാട്‌സ്ആപ്പിലൂടെ വ്യാജമായി പ്രചരിക്കുന്നതാണ് ഈ സന്ദേശമെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഇത്തരമൊരു ഉത്തരവ് പ്രയാഗ്രാജിലെ ചീഫ് വെറ്റിനറി ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിട്ടുണ്ട്.
ജൂൺ 9ന് പുറപ്പെടുവിച്ച ഉത്തരവിൽ ഒഫിഷ്യേറ്റിംഗ് ചീഫ് വെറ്റിനററി ഓഫീസർ ഡോ. എസ് കെ തിവാരിയാണ് ഒപ്പിട്ടിരിക്കുന്നത്. ഡിസ്പാച്ച് ലെറ്റർ രേഖകൾ അനുസരിച്ച് ഒഫീഷ്യേറ്റിംഗ് സിവിഒ ജൂൺ 9 ന് 544ാം നമ്ബർ ഓർഡറായി ഉത്തരവ് പുറപ്പെടുവിക്കുകയും തൊട്ടടുത്തദിവസം തന്നെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
അതേസമയം, ഇക്കാര്യത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ പ്രതികരണം. തന്റെ അറിവില്ലാതെ പുറപ്പെടുവിച്ച ഉത്തരവാണെന്നും തനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് അപൂർവ ദുബെ വ്യക്തമാക്കി. പശുക്കളുടെ ആരോഗ്യസംരക്ഷണത്തിൽ സിവിഒമാർ കൃത്വിലോപം കാണിക്കാറുണ്ടെന്നും ഇതിനെതിരെ താൻ പ്രതികരിച്ചിരുന്നു. നടപടിയാവശ്യപ്പെട്ട് താൻ ഉന്നതഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാകണം ഇപ്പോൾ തന്റെ പശുവിന് വേണ്ടി ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കരുതുന്നതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.
Discussion about this post