ബെയ്ജിങ് : കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ്. രണ്ട് ദിവസം മുമ്പാണ് കോവിഡ് നിരക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് നഗരത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചത്. കോവിഡ് വീണ്ടുമെത്തിയതോടെ പതിനാല് ദിവസത്തേക്ക് നഗരം സമ്പൂര്‍ണമായി അടച്ചിടും.
നഗരത്തിലെ ജിന്‍ഗാന്‍, പുഡോംഗ് മേഖലകളില്‍ പുതുതായി 7 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. മീഡിയം റിസ്‌ക് ഏരിയാസില്‍ ഉള്‍പ്പെടുത്തിയാണ് ലോക്ഡൗണ്‍. വീട്ടില്‍ അടച്ചിരിക്കുന്നത് കൂടാതെ വലിയ തോതിലുള്ള കോവിഡ് പരിശോധനകളും ഈ കാലയളവില്‍ ഉണ്ടാകും.
കടകളും മറ്റും പൂര്‍ണമായും അടച്ചിട്ടുള്ള ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ പരിഗണനയിലുള്ളത്. കടകളും ബിസിനസ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്, എന്നാല്‍ ഇവിടങ്ങളിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ഫലം വേണം.
രണ്ട് മാസത്തെ കര്‍ശന ലോക്ഡൗണിന് ശേഷം ജൂണ്‍ 1നാണ് ഷാങ്ഹായി ലോക്ഡൗണ്‍ മുക്തമായത്. 48 മണിക്കൂറിനുള്ളില്‍ നഗരം വീണ്ടും പഴയ നിലയിലേക്ക് മാറിയത് ആളുകളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാര്‍ക്കുകളും പൊതുസ്ഥലങ്ങളും രണ്ട് ദിവസം ജനനിബിഢമായിരുന്നെങ്കില്‍ ഇന്ന് കോവിഡ് സെന്ററുകളില്‍ അതേ ജനം പരിശോധനയ്ക്കായി ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
Discussion about this post