ശ്രീനഗർ: കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജരുടെ കുടുംബം വൈകാരികമായ പ്രതികരണവുമായി രംഗത്ത്. തീവ്രവാദികൾ മരിക്കാനായി തയ്യാറെടുത്തവരാണെന്നും എന്നാൽ അവിടെ ജോലിക്ക് പോകുന്നവർ മരിക്കാനല്ല പോകുന്നത്. സർക്കാർ സംരക്ഷിക്കണമെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം.
ബാങ്ക് മാനേജരായ 29കാരൻ വിജയ് കുമാർ കാശ്മീരിലെ കുൽഗാമിൽ വച്ചാണ് കൊല്ലപ്പെട്ടത്. ബാങ്കിലേക്ക് അതിക്രമിച്ച് കയറിയ ഭീകരൻ വിജയ്കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വിജയ്കുമാറിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം തിരികെ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് നാട്ടിലേക്ക് എത്തിയിരുന്നില്ല. കാശ്മീരിൽ നിന്നും നാട്ടിലേക്ക് പുറത്ത് ജോലി മാറ്റുന്നതിനായി പ്രമോഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു വിജയ് കുമാറെന്ന് കുടുംബം വെളിപ്പെടുത്തി.
താഴ്വരയിലെ താമസക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങൾ സർക്കാർ ശ്രദ്ധിക്കണമെന്ന് വിജയിന്റെ അമ്മാവൻ സുരേന്ദർ പറഞ്ഞു. ‘ഞങ്ങൾക്കുണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ രാഷ്ട്രീയക്കാരെ ബാധിക്കില്ല. അവരുടെ മനസാക്ഷി കുലുങ്ങുന്നത് വരെ ഒന്നും സംഭവിക്കില്ല,’ അദ്ദേഹം പറഞ്ഞു.
also read- മൂന്ന് സുഹൃത്തുക്കളുടെ കൂട്ടായ്മ; സമ്മാനിച്ചത് ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ നൂറുകണക്കിന് സിവിൽ സർവീസസ് ജേതാക്കളെ, കയ്യടിക്കേണ്ടത് ഇവർക്ക് കൂടി
‘നിങ്ങൾ ഒരു തീവ്രവാദിയെ കണ്ടെത്തി കൊല്ലുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു. എന്നാൽ തീവ്രവാദി എപ്പോഴും മരിക്കാൻ തയ്യാറാണ്. എന്നാൽ അവിടെ ജോലിക്ക് പോകുന്നവർ മരിക്കാനല്ല അവിടെ പോകുന്നത്,’ അധികാരികളോട് അദ്ദേഹം പറയുന്നതിങ്ങനെ.
2019 ലെ റീജിയണൽ റൂറൽ ബാങ്ക്‌സ് പരീക്ഷയിൽ വിജയിച്ചതിന് ശേഷമാണ് വിജയിന് കാശ്മീരിൽ ജോലി ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അനിൽ പറഞ്ഞു. ബാങ്ക് പ്രൊബേഷണറി ഓഫീസറായി (പിഒ) നിയമനം ലഭിച്ചതിനെ തുടർന്നാണ് കാശ്മീരിലെ ഗ്രാമത്തിലെ ബാങ്കിന്റെ മാനേജറായത്. ബ്രാഞ്ച് മാനേജറാകാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. വിജയുടെ അമ്മ രമേതി ദേവി വീട്ടമ്മയാണ്, പിതാവ് ഓം പ്രകാശ് സ്‌കൂൾ അധ്യാപകനും.
Discussion about this post