ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ അകപ്പെട്ടുപോയ തൊഴിലാളികളില്‍ ഭൂരിഭാഗവും മരിച്ചിട്ടുണ്ടാകുമെന്ന് ഷില്ലോങ്ങ് കോണ്‍ഗ്രസ് എംപി വിന്‍സെന്റ് എച്ച് പാലാ. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മേഘാലയ സര്‍ക്കാര്‍ അലംഭാവം കാണിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. വെളളം പുറത്തേക്ക് കളയാന്‍ കഴിയുന്ന ശക്തിയേറിയ പമ്പില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണം.
മേഘാലയയില്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമറയ്ക്ക് പോസു ചെയ്ത് രസിക്കുകയാണെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശക്തിയേറിയ പമ്പ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ഗുഹയില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്ന സാഹചര്യത്തില്‍ എത്രപേര്‍ ജീവനോടെ ബാക്കിയുണ്ടാവുമെന്ന് അറിയില്ലെന്ന് രക്ഷാപ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കിലും പിന്മാറാതെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര് കുടുങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.
70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്.
ഖനിയപകടം
Discussion about this post