കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തെ നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എം സ്വരാജ്.
വീഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് നല്‍കുന്നത് മോശം സന്ദേശമാണ്. ഇത് അധാര്‍മ്മികമാണ്, മോശമാണ് എന്ന് പറയാന്‍ എന്താണ് അദ്ദേഹത്തിന്റെ നാവ് പൊന്താത്തതെന്നും സ്വരാജ് ആരോപിച്ചു.
വീഡിയോ ആരാണ് അപ്ലോഡ് ചെയ്തത് എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ആരാണ് നിര്‍മ്മിച്ചത്, ഏത് അക്കൗണ്ടില്‍ നിന്നാണ് അപ്ലോഡ് ചെയ്തത് എന്നെല്ലാം അന്വേഷിക്കുന്നുണ്ട്. നിലവില്‍ അത് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അതായത് ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പിന്‍വലിച്ചതെന്നാണ് മനസ്സിലാവുന്നത്. ആമയൂര്‍ മണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു, അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമോ എന്നതാണ് അറിയേണ്ടത്- സ്വരാജ് പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ പറയേണ്ടത് ഇങ്ങനെയാണോ, കേരളീയ സമൂഹം ഗൗരവമായി കാണേണ്ടതാണ്. ‘ഇത്തരം ദൃശ്യങ്ങള്‍ കിട്ടിയാല്‍ ആരാണ് അത് ഷെയര്‍ ചെയ്യാത്തത്’, എന്നാണോ പ്രതിപക്ഷ നേതാവ് പറയേണ്ടിയിരുന്നത്.
അങ്ങനെയാണോ അദ്ദേഹം പറയേണ്ടിയിരുന്നത്, ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്നും സ്വരാജ് ആരോപിച്ചു.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഏത് നിലവാരത്തിലെത്തി എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയാണ്. കേരള സമൂഹം അദ്ദേഹത്തിന്റെ നിലവാരമോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുകയാണ്. നിയമാനുസൃതമായി തിരഞ്ഞെടുപ്പ് നടക്കണമെന്ന് ചിന്തിക്കുന്ന ജനാധിപത്യബോധമുള്ള മലയാളികള്‍ ലജ്ജിച്ച് തലതാഴ്ത്തും എന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തരം ദൃശ്യങ്ങള്‍ ആരും പ്രചരിപ്പിക്കരുത്, ഇത് അധാര്‍മ്മികമാണ്, ഹീനമാണ് എന്ന് പറയാന്‍ എന്തേ അദ്ദേഹത്തിന്റെ നാവ് പൊന്താത്തത്? തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണി തികഞ്ഞ പ്രതീക്ഷയിലാണ്. രാഷ്ട്രീയഭേദമന്യേ തൃക്കാക്കരയിലെ ജനങ്ങള്‍ ജോ ജോസഫിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും സ്വരാജ് വ്യക്തമാക്കി.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ വ്യാജ വീഡിയോയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്.
വ്യാജപ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചാണ് പോലീസ് രണ്ടുപേരെ തിരിച്ചരിഞ്ഞത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post