തിരുവനന്തപുരം: ഹോം സിനിമയ്ക്ക് 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഇടം പിടിക്കാനാകാത്തതിനെ ചൊല്ലി വിവാദങ്ങൾ കൊഴുക്കവെ നടൻ ഇന്ദ്രൻസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രേം കുമാർ രംഗത്ത്. ജൂറി ‘ഹോം’ എന്ന സിനിമ കണ്ടിട്ടുണ്ടാവില്ല എന്ന നടൻ ഇന്ദ്രൻസിന്റെ പരാമർശത്തിന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായ നടൻ പ്രേം കുമാർ മറുപടി നൽകി.
അത്തരം വാദങ്ങൾ തെറ്റാണന്ന് പ്രേം കുമാർ പ്രതികരിച്ചു. പട്ടികയിൽ ഇടം നേടിയ എല്ലാ സിനിമകളും ജൂറി കണ്ടിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘142 സിനിമകളാണ് അവാർഡ് പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ 22 സിനിമകളാണ് അവസാന പട്ടികയിൽ ഇടം നേടിയത്. ആ പട്ടികയിൽ ഹോം എന്ന സിനിമയുണ്ട്. ജൂറി ആ സിനിമ കണ്ടിട്ടുമുണ്ട്. അക്കാദമിയുടെ ജോലി എന്നത് സിനിമകളെ ജൂറിയുടെ മുന്നിൽ എത്തിക്കുക എന്നതാണ്. അത് വ്യക്തമായി ചെയ്തിട്ടുമുണ്ട്. ജൂറി ഹോം കണ്ടിട്ടില്ല എന്ന വാദം തെറ്റാണ്. നമ്മുടെ കൈയിൽ ഡിജിറ്റൽ തെളിവുകളൊക്കെയുണ്ട്. അത് പരിശോധിക്കാവുന്നതേയുള്ളൂ’ പ്രേം കുമാർ വ്യക്തമാക്കി.
‘സയ്യിദ് മിർസ എന്ന് പറയുന്നത് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തനായ സംവിധായകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇത് വിലയിരുത്തിയത്. ഓരോ ജൂറിക്കും അവരവരുടേതായ നിലപാടുകളാണ്. ഇത് ഈ ജൂറിയുടെ നിഗമനം, വേറൊരു ജൂറി ആയിരുന്നെങ്കിൽ തീരുമാനം മാറാം. അത് വ്യക്തിനിഷ്ടവുമാണ്. നമുക്ക് വ്യക്തിപരമായി അവാർഡ് ലഭിക്കണം എന്ന് ആഗ്രഹമുള്ള സിനിമകൾ ഉണ്ടായിരുന്നു. അതിന് വ്യത്യാസങ്ങൾ ഉണ്ടാകാം. ഇത് ജൂറിയുടെ അന്തിമ തീരുമാനമാണ്. അതിനെക്കുറിച്ച് പറയുവാൻ ഞാൻ ആളല്ല. ജൂറി സിനിമകൾ കണ്ടിട്ടില്ല എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ഹോം ഞാൻ കണ്ടിരുന്നു. വ്യക്തിപരമായി ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ പ്രകടനം ഏറ്റവും നല്ല പ്രകടനമാണ്. പക്ഷെ അത് ജൂറിയുടെ തീരുമാനമാണ്. അതിനെ ചോദ്യം ചെയ്യാൻ നമുക്ക് പറ്റില്ല’ പ്രേം കുമാർ പറഞ്ഞു.
‘ഹോമിന് അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നു. അത് നാട്ടുകാർ മുഴുവൻ പറഞ്ഞു കൊതിപ്പിച്ചതാ. ഒരുപാട് കൂട്ടുകാർ പറഞ്ഞിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതിൽ ചെറിയ വിഷമമുണ്ട്. എനിക്ക് തോന്നുന്നത് ഹോം ജൂറി കണ്ടു കാണില്ല, കാണാൻ അവസരം ഉണ്ടാക്കി കാണില്ല’,
‘ചിത്രം കണ്ടവരാണ് ഈ വിഷമം പറയുന്നത്. ആ വിഷമം ജൂറിയ്ക്ക് ഇല്ലെങ്കിൽ അവർ സിനിമ കണ്ടില്ലെന്നല്ലേ അതിനർത്ഥം. മികച്ച നടന്മാരായി രണ്ടുപേരെ തെരഞ്ഞെടുത്തില്ലേ. അതുപോലെ ഹൃദയത്തിനൊപ്പം ഹോമും ചേർത്തുവെക്കാമായിരുന്നു. ജനങ്ങൾ അവാർഡ് തരുന്നുണ്ട്. അതിനപ്പുറം ഒന്നുമില്ല’, ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
Discussion about this post