സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും ‘ഹോം’ സിനിമയെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ കനത്ത രോഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ഹോം. ലൈംഗിക പീഡന കേസിലെ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു നിര്‍മിച്ച ചിത്രമാണ് ഹോം. അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്നും അഭ്യൂഹമുണ്ട്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് നടന് ഇന്ദ്രന്‍സ്. ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസില്‍ ആ സിനിമയുണ്ട്. രമ്യാ നമ്പീശനും വിടി ബലറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത്.
അവഗണിച്ചതിനുള്ള കാരണം വിജയ് ബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോ?
കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാന്‍ പാടില്ല. ഒരു വീട്ടില്‍ ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല.
എനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ വിഷമമില്ല. ബിജുവും ജോജുവും എന്റെ കൂട്ടുകാരാണ്. അവര്‍ക്ക് കിട്ടിയതില്‍ സന്തോഷം മാത്രമേയുള്ളൂ. അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ അഭിനയിക്കുന്നത്.
Discussion about this post