നടി കങ്കണ റണാവത്തിന്റെ സിനിമാകരിയറിലെ ഏറ്റവും വലിയ ദുരന്തമായി ‘ധാക്കഡ്’ ചിത്രം. തുടരെയുള്ള ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ധാക്കഡ് കനത്ത പരാജയമാണ് നേരിടുന്നത്. ഈ മാസം 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ വെറും രണ്ടുകോടി രൂപ മാത്രമാണ് ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. റസ്നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്.
നൂറുകോടിക്കടുത്ത് നിർമ്മാണ ചെലവ് വന്നതിനാൽ തന്നെ ചിത്രത്തിന്റെ പരാജയ ഭാരം വർധിക്കുകയാണ്. ആദ്യ ട്രെയിലർ പുറത്തുവന്നപ്പോൾത്തന്നെ ചിത്രത്തിന് നേരെ നെഗറ്റീവ് കമന്റുകൾ ഉയർന്നിരുന്നു. പിന്നീട് റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ധാക്കഡിന് ഒപ്പമിറങ്ങിയ ഭൂൽ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡ് പല തീയ്യേറ്ററുകളിൽ നിന്നും പുറത്തായിരിക്കുകയാണ്. പകരം ഭൂൽ ഭുലയ്യ പ്രദർശിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. നൂറുകോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഭൂൽ ഭൂലയ്യ-2.
കങ്കണയുടെതായി ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂൺ, സിമ്രാൻ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകളും ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു.
Discussion about this post