തിരുവനന്തപുരം: പത്തുകോടിയുടെ വിഷു ബംപർ അടിച്ച ഭാഗ്യശാലിയെ ഒരു നോക്കെങ്കിലും കാണണമെന്ന ആഗ്രഹത്തിലാണ് ആ ഭാഗ്യടിക്കറ്റ് വിറ്റ ജസീന്തയും ഭർത്താവ് രംഗനും. എട്ട് വർഷമായി ലോട്ടറി വിൽക്കുന്ന ഇരുവരും ആദ്യമായാണ് ഇത്രവലിയ സമ്മാനമടിച്ച ടിക്കറ്റ് വിറ്റത്. ഒരു കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ ഈ ദമ്പതികളെ കാത്തിരിക്കുന്നത്.
കഷ്ടപ്പാടിന് ഇടയിൽ വന്നുചേർന്ന മഹാഭാഗ്യമായാണ് ഇവർ സമ്മാനടിക്കറ്റ് വിൽക്കാനായതിനെ കാണുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ വിറ്റ ടിക്കറ്റ് യാത്രക്കാർക്കോ ഡ്രൈവർമാർക്കോ ആയിരിക്കാം കിട്ടിയതെന്നാണ് ഊഹം. കേരളത്തിന് പുറത്തുള്ളവർക്കും അന്ന് ടിക്കറ്റ് നല്കിയിരുന്നെന്നും രംഗനും ജെസീന്തയും ഓർക്കുന്നു.
കഴിഞ്ഞ എട്ടു വർഷമായി രാത്രി ഒന്നരമുതൽ വെളുപ്പിന് ആറുമണി വരെയാണ് ഇവർ സ്ഥിരമായി ലോട്ടറി വിൽക്കുന്നത്. മുപ്പത് ടിക്കറ്റുകളാണ് തിനാലാം തിയതി ചൈതന്യ ലോട്ടറി സെന്ററിൽ നിന്ന് ഇവർ വിൽപനയ്ക്കായി എടുത്തത്. പിന്നീടുള്ള രണ്ട് ദിവസങ്ങളിലാണ് ടിക്കറ്റ് വിറ്റു തീർത്തത്. കേരളത്തിന് പുറത്തേക്ക് പോകുന്നവർക്കും അന്ന് ടിക്കറ്റ് നല്കിയിരുന്നതിനാൽ ഭാഗ്യം അതിർത്തി കടന്നോ എന്നും ആലോചിക്കുന്നുണ്ട്. ആർക്കാണ് ഭാഗ്യടിക്കറ്റ് നൽകിയതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ഭാഗ്യശാലിയെ ഒരുവട്ടമെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ഇവർക്ക്.
സമ്മാനതുകയുടെ ഒരു ഭാഗം കൈയ്യിൽ വരുമ്പോൾ ചെയ്ത് തീർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ഹൃദ്രോഗിയായ ജെസീന്ത. ഇവരുടെ സ്വപ്നമാണ് കിടപ്പിലായ മകളുടെ ഭർത്താവിന് മികച്ച ചികിത്സ ഒരുക്കലും സ്വന്തമായി ഒരു കച്ചവടവും ചെറിയൊരു വീട് സ്വന്തമാക്കലും.
Discussion about this post