കൊല്ലം: വിസ്മയ കേസില്‍ ഭർത്താവ് കിരൺകുമാറിന് 10 വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ തെളിഞ്ഞതായും കോടതി കണ്ടെത്തി. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.
വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. കോടതിയില്‍. കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
പ്രതി വിസ്മയയുടെ മുഖത്ത് ചവിട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ല. നിയമം പാലിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്നെ സ്ത്രീധനം ചോദിച്ച് വാങ്ങിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
അതേസമയം, വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കുമാര്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് കിരണ്‍കുമാര്‍ പറയുന്നത്. അച്ഛന് ഓര്‍മ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാന്‍ താനേയുള്ളൂ എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
വിസ്മയ കേസിന്റെ വിധി കേള്‍ക്കാന്‍ അച്ഛന് ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് തിരിച്ചത് മകള്‍ക്ക് നല്കിയ വാഹനത്തിലാണ്. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമന്‍ നായര്‍ നടത്തിയത്. ഈ വാഹനം വാങ്ങാന്‍ മകളുമൊത്താണ് പോയതെന്നും അവള് ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛന് ത്രിവിക്രമന്‍ നായരും അമ്മ സജിത വി നായരും പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഓട്ടോമാറ്റിക്കായി കോളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന് അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛന് വ്യക്തമാക്കി.
Discussion about this post