കാബൂള്‍ : വനിതാ ടിവി പ്രവര്‍ത്തകര്‍ പരിപാടികള്‍ മുഖം മറച്ച് അവതരിപ്പിക്കണമെന്ന താലിബാന് ഉത്തരവിന് പരസ്യ വെല്ലുവിളി. അഫ്ഗാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകര്‍ ശനിയാഴ്ച മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചു.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തല മുതല്‍ കാല് വരെ മൂടുന്ന വസ്ത്രം ധരിച്ചു വേണം എത്താനെന്ന് താലിബാന് അധികാരത്തിലേറിയ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വനിതാ അവതാരകര്‍ സ്ക്രീനില്‍ മുഖം മറച്ച് പ്രത്യക്ഷപ്പെടണമെന്ന് ഉത്തരവിറക്കിയത്. ഉത്തരവില്‍ പ്രതിഷേധിച്ച് പ്രമുഖ ടിവി ചാനലുകളായ ടോളോ ന്യൂസ്, ഷംഷാദ് ടിവി, വണ്‍ ടിവി എന്നിവരെല്ലാം വനിതാ അവതാരകരുടെ മുഖം മറയ്ക്കാതെ പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു.
വനിതാ സഹപ്രവര്‍ത്തകര്‍ അവരുടെ മുഖം മറച്ചാല്‍ അടുത്തതായി അവരോട് ജോലി നിര്‍ത്താന്‍ ആവശ്യപ്പെടുമെന്നും അതുകൊണ്ട് തന്നെ ഉത്തരവ് അനുസരിക്കില്ലെന്നും ഷംഷാദ് ടിവി ഹെഡ് ആബിദ് എഹ്സാസ് പറഞ്ഞു. ഈ വിഷയത്തില്‍ താലിബാനുമായി കൂടുതല്‍ ചര്‍ച്ച നടത്താനാണ് ചാനല്‍ അധികൃതരുടെ തീരുമാനം.
അതേ സമയം വനിതാ പ്രവര്‍ത്തകര്‍ നിയമം ലംഘിക്കുകയാണെന്ന് താലിബാന് വക്താവ് മുഹമ്മദ് സാദിഖ് മൊഹാജിര്‍ പറഞ്ഞു. ഉത്തരവുകള്‍ അനുസരിക്കാതിരിക്കാനാണ് ഉദ്ദേശമെങ്കില്‍ അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുമെന്നും സര്‍ക്കാരിന് കീഴില്‍ ജീവിക്കുന്ന ഏതൊരാളും ആ വ്യവസ്ഥയുടെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കണമെന്നും മൊഹാജിര്‍ പറഞ്ഞു.
പുതിയ ഡ്രസ് കോഡ് പാലിക്കുന്നില്ലെങ്കില്‍ വനിതാ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് താലിബാന്റെ അറിയിപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരോ മക്കളോ ഉത്തരവ് പാലിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്നും വനിതാ അവതാരകരും മാനേജര്‍മാരും രക്ഷിതാക്കളും പിഴ നല്‍കേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
Discussion about this post