കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയ കേസിനിടെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചി ഡിസിപി വിയു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പിസി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം.
പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പിസിയെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് സംഘമെത്തിയത്.
തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് പാലാരിവട്ടം പോലീസിന് ഇനി നിയമപ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പോലീസ് തീരുമാനം.
അതേസമയം പിസിയുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പിസി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
Discussion about this post