കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂർ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
റിസ്വാനയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറൽ എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസിനാണ് അന്വേഷണച്ചുമതല.
മേയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ അലമാരയിൽ റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്.
റിസ്വാന മരിച്ചവിവരം പോലീസിൽ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. റിസ്വാനയെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇതും സംശയത്തിനിടയാക്കിയിരുന്നു.
റിസ്വാനയുടെ മരണവിവരം ഭർതൃവീട്ടുകാർ ഇവരെ അറിയിച്ചിരുന്നില്ല. ആശുപത്രിയിൽ ഭർതൃവീട്ടുകാർ എത്താതിരുന്നതും സംശയത്തിന് ഇടയാക്കി. റിസ്വാന ഭർതൃവീട്ടിൽ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും ഭർതൃവീട്ടുകാർ റിസ്വാനയോട് മോശമായി പെരുമാറിയിരുന്നെന്നും പെൺകുട്ടി നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
റിസ്വാന പലതവണ സുഹൃത്തുക്കളോട് ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നെന്നാണ് പിതാവ് റഫീഖ് പറയുന്നത്. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post