കൊച്ചി: നടനും നിർമ്മാതാവുമായി വിജയ് ബാബു യുഎഇയിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന. പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുകയായിരുന്നു വിജയ് ബാബു എന്നായിരുന്നു ഇതിന് മുമ്പ് ലഭിച്ചിരുന്ന വിവരം.
എന്നാൽ വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കിയതോടെയാണ് പ്രതി യുഎഇ വിട്ടത്. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായാണ് സൂചന.
കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര വിദേശകാര്യവകുപ്പ് പാസ്പോർട്ട് റദ്ദാക്കിയത്. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയാണ് താരത്തിന്റെ നീക്കം.
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാൽ ഇതിനിടയിൽ പാസ്പോർട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്.
Discussion about this post