കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകളും പുരുഷന്മാരും ഹോട്ടലുകളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് വിലക്കി താലിബാന്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും നിയമം ബാധകമാണെന്നാണ് വിവരം.
പടിഞ്ഞാറന്‍ നഗരമായ ഹെറാതില്‍ താലിബാന്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ ഹോട്ടലധികൃതര്‍ മടക്കി അയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളും പുരുഷന്മാരും ഭക്ഷണശാലകളില്‍ ഒന്നിച്ചിരിക്കരുതെന്ന നിര്‍ദേശം ലഭിച്ചതായി ഹോട്ടലുടമകളും വ്യക്തമാക്കി. വിലക്ക് മൂലം കച്ചവടം കുറഞ്ഞുവെന്നും ജീവനക്കാരെ പിരിച്ചു വിടേണ്ട സ്ഥിതിയാണുള്ളതെന്നും ഹെറാതിലെ ഹോട്ടല്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
A new Taliban decree has forbidden men and women from eating at restaurants together and visiting parks at the same time, even if you’re a married couple.
Afghanistan is facing the most serious women’s rights crisis in the world today.
— Shabnam Nasimi (@NasimiShabnam) May 12, 2022
ഭക്ഷണശാലകളില്‍ പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിക്കാന്‍ ഉത്തരവുണ്ടെന്നാണ് താലിബാന്‍ ഉദ്യോഗസ്ഥനായ റിയാസുല്ല സീറത്ത് അറിയിച്ചിരിക്കുന്നത്. ഇതുപോലെ പാര്‍ക്കുകളിലും സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ച് പ്രവേശിക്കാന്‍ കഴിയില്ലെന്നും ഇരുവിഭാഗക്കാര്‍ക്കും പ്രവേശനത്തിന് പ്രത്യേക ദിവസങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും റിയാസുല്ല പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആണ് സ്ത്രീകള്‍ക്ക് പാര്‍ക്കുകളില്‍ പോകാന്‍ അനുവാദമുള്ളത്. മറ്റ് ദിവസങ്ങള്‍ പുരുഷന്മാര്‍ക്കായി നീക്കി വച്ചിരിക്കുകയാണ്.
സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞാണ് അഫ്ഗാനില്‍ ഭരണത്തിലേറിയതെങ്കിലും പറഞ്ഞ വാക്കിന് നേരെ വിപരീതമായാണ് താലിബാന്റെ ഓരോ നടപടികളും. അധികാരം കൈപ്പറ്റിയ ശേഷം പുറത്തിറക്കിയ ആദ്യ നിയമങ്ങളിലൊന്ന് ഓഫീസുകളില്‍ സ്ത്രീകള്‍ ജോലിക്കെത്തേണ്ടതില്ല എന്നതായിരുന്നു.
ഇതിന് പിന്നാലെ സ്ത്രീകള്‍ ദീര്‍ഘദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നും, കുടുംബത്തിലെ പുരുഷാംഗങ്ങള്‍ കൂടെയില്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും, തല മുതല്‍ ഉള്ളംകാല്‍ വരെ മറയുന്ന രീതിയില്‍ വസ്ത്രം ചെയ്യണമെന്നും, ഗ്രേഡ് ആറിന് മുകളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്നുമൊക്കെ ഒന്നിനു പുറകേ ഒന്നായി നിയമങ്ങളെത്തി. നിലവില്‍ സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍.
സ്ത്രീകള്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലാ അവസരങ്ങളും ഒന്നൊന്നായി ഇല്ലാതാക്കുകയാണ് താലിബാന്‍. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കില്ല എന്നും താലിബാന്‍ ഉത്തരവിറക്കിയിരുന്നു.
Discussion about this post