മെല്‍ബണ്‍: മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റുകളില്‍ ഇതുവരെ അടി പതറാത്ത ഓസീസിന് ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്നു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ 443 റണ്‍സിനെതിരെ ബാറ്റുവീശിയ ഓസ്ട്രേലിയ 151 റണ്‍സിന് ഒന്നാം ഇന്നിംഗ്സില്‍ പുറത്തായി. ആറ് വിക്കറ്റെടുത്ത ബൂംറയാണ് ഓസീസിനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് 292 റണ്‍സിന്റെ ലീഡുണ്ട്.
15.5 ഓവര്‍ എറിഞ്ഞ ബൂംറ 33 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റെടുത്ത ജഡേജയും ഒരോ വിക്കറ്റ് വീതം നേടിയ ഇശാന്തും ഷമിയും ബൂംറയ്ക്ക് മികച്ച പിന്തുണ നല്കി.
തുടക്കം മുതല്‍ ഓസീസ് നിരയില്‍ ആരും ചെറുത്ത് നില്‍പ്പിന്റെ ചെറുസൂചന പോലും കാണിച്ചില്ല. അഞ്ച് പേരാണ് രണ്ടക്കം കാണാതെ ഓസീസ് നിരയില്‍ പുറത്തായത്. മാര്‍ക്ക്സ് ഹാരിസും നായകന് ടിം പെയ്നും 22 റണ്‍സെടുത്തു. ഉസ്മാന് ഖ്വാജ 21 ഉം ട്രാവിസ് ഹെഡ് 20 ഉം ഷോണ്‍ മാര്‍ഷ് 19 ഉം പാറ്റ് കമ്മിന്‍സ് 17 ഉം റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് 7 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര (106), അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ മികവില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒരോ ജയം സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post