കോഴിക്കോട്: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ചയാണ് റിഫയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ആ കാഴ്ച കണ്ടുനില്‍ക്കാനാവാതെ പിതാവും സഹോദരനും.കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.
രാവിലെ മകന് റിജുവിനൊപ്പമാണ് റാഷിദ് ഖബര്‍സ്ഥാനിലെത്തിയത്. നിത്യവും മകള്‍ക്ക് വേണ്ടി ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
അതേസമയം, ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളില്‍ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കള്‍ പറയുന്നു.
റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കും. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിന്റെ ലക്ഷ്യം.
നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന് റിജുനും റിഫയുടെ രണ്ടുവയസ്സുകാരന് മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.
Discussion about this post