ആലപ്പുഴ: സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച ആദ്യത്തെ ഷവർമ കാരണമുള്ള മരണത്തിൽ 10 വർഷമായിട്ടും നീതികിട്ടിയിട്ടില്ലെന്ന് മരിച്ച യുവാവിന്റെ കുടുംബം പറയുന്നു. ആലപ്പുഴ വീയപുരം സ്വദേശിയായ സച്ചിൻ മാത്യുവെന്ന 21കാരനാണ്് തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായി മരിച്ചത്. ആ കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് സച്ചിന്റെ മാതാപിതാക്കൾ പറയുന്നു.
2012 ജൂലൈയിലാണ് 21 വയസുകാരനായ വിദ്യാർത്ഥി സച്ചിൻ മാത്യുവിന്റെ മരണം. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് മുൻപാണ് വഴുതക്കാട്ടെ ഹോട്ടലിൽ നിന്ന് മൂന്ന് ഷവർമ റോൾ വാങ്ങിയത്. ബസിൽ വച്ച് ഷവർമ കഴിച്ചു. അടുത്ത ദിവസം ബംഗളൂരുവിലെത്തിയ ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതും മരിച്ചതും. അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഹോട്ടലുടമായ അബ്ദുൽ ഖാദറിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
കുടുംബം സച്ചിന് നീതി തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സച്ചിൻറെ മരണത്തിന് ശേഷമെങ്കിലും സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു എങ്കിൽ മറ്റൊരു മരണം ഉണ്ടാകില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അന്ന് ഹോട്ടലിൽ ഷവർമ പാകം ചെയ്തിരുന്നത് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.
Discussion about this post