തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് കൃഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പിസി ജോർജിന്റെ പേരെടുത്ത് പറയാതെയാണ് കൃഷ്ണ കുമാറിന്റെ പരാമർശം. ഉദയം വേണോ, അതോ അസ്തമയത്തിന്റെ ഇരുട്ടിൽ തുടരണോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കുറിക്കുന്നു.
‘ഹിന്ദു ഉണർന്നാൽ ദേശമുണരും എന്നാണ്. എന്നാലങ്ങനെയൊരു ഉദയം പാടില്ലായെന്നുറപ്പാക്കാൻ പാടുപെടുന്നവരുടെ ചുറ്റുമാണ് നാം. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നത് എറ്റവുമൊടുവിലത്തെ പരാക്രമം. ഇതു കലികാലമോ കമ്മിക്കാലമോ കൊങ്ങിക്കാലമോ ചിന്തിക്കുക. ഉദയം വേണോ, അതോ അസ്തമയത്തിന്റെ ഇരുട്ടിൽ തുടരണോ’,-കൃഷ്ണ കുമാർ പറഞ്ഞു.
അതേസമയം, പിസി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പോലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post