വൈക്കം: പാപ്പിയമ്മയ്ക്ക് ഇനി മഴക്കാലത്തെയും വെള്ളപ്പൊക്കത്തെയുമൊന്നും പേടിയ്ക്കാതെ ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. 98 കാരിയായ പാപ്പിയമ്മയ്ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍.
വൈക്കം തലയോലപ്പറമ്പില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ച ഷെഡില്‍ തണുപ്പേറ്റ് ദുരിത ജീവിതം നയിച്ചിരുന്ന പാപ്പിയമ്മയുടെ ദുരിത ജീവിതം അറിഞ്ഞ ബോ ചെ സുരക്ഷിതമായ വീട് സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ആറു മാസം വെള്ളക്കെട്ടിലാവുന്ന തേവലക്കാട്ടില്‍ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടാണ് പാപ്പിയമ്മയ്ക്കായി ഒരുക്കിയത്. വീട്ടുപരിസരത്ത് വെള്ളം പൊങ്ങിയാല്‍ വീടിന്റ അടിഭാഗത്തായി ഉറപ്പിച്ചിട്ടുള്ള വീപ്പകള്‍ വീടിനെ ഉയര്‍ത്തി നിര്‍ത്തും. 200 ചതുരശ്ര അടിയില്‍ തീര്‍ത്ത വീടിന് 2.75 ലക്ഷം രൂപയാണ് ചെലവു വന്നത്.
പാപ്പിയമ്മയെ ചേര്‍ത്തുപിടിച്ചാണ് ബോച്ചെ ഗൃഹപ്രവേശം നടത്തിയത്. പുതിയ വീട്ടിലെ അടുക്കളയില്‍ പാപ്പിയമ്മയ്ക്കൊപ്പം നിന്ന് പാലുകാച്ചി വീട്ടിലെത്തിയ എല്ലാവര്ക്കും വിതരണം ചെയ്തും പ്രദേശവാസികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സന്തോഷം പങ്കിട്ട് രണ്ടു മണിക്കൂറിലധികം തേവലക്കാട്ട് ചെലവഴിച്ചാണ് ബോബി ചെമ്മണ്ണൂര്‍ മടങ്ങിയത്.
കഴിഞ്ഞവര്‍ഷമാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ പാപ്പിയമ്മ കേരളത്തിന്റെ മനസ് കവര്‍ന്നത്. വൈറലായ മുത്തശ്ശി അന്തിയുറങ്ങിയത് ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡിലാണെന്ന് അറിഞ്ഞാണ് ബോബി ചെമ്മണ്ണൂര്‍ എത്തിയത്.
വീട്ടിലെത്തിയ ബോബിയോട് ഈ ഷെഡിന്റെ വാതില്‍ ഒന്നുമാറ്റി തരാമോ എന്നാണ് പാപ്പിയമ്മ ആദ്യം ചോദിച്ചത്. ഈ ഷെഡിന് പകരം പുതിയ വീട് തന്നെ ഇവിടെ നിര്‍മിച്ചുനല്‍കുമെന്ന് മുത്തശ്ശിക്ക് ഉറപ്പുകൊടുത്തു.
Discussion about this post