കണ്ണൂർ: നിയന്ത്രണംവിട്ട ടാങ്കർ ലോറി കടമുറി ഇടിച്ചുതകർത്ത് പാഞ്ഞെത്തി, സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിരുന്ന യുവാവിന്റെ ജീവൻ കവർന്നു. കടയുടെ മുന്നിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ യുവാവാണ് ലോറിക്കടിയിൽപെട്ടത്. കണ്ണൂർ ദയ മെഡിക്കൽസ് ജീവനക്കാരൻ തിലാന്നൂർ ചരപ്പുറം മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഹാരിസി(30)ന്റെ മരണം നാട്ടുകാർക്കും വിശ്വസിക്കാനാകുന്നില്ല.
ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഇന്ധനവുമായി പോകുകയായിരുന്ന ലോറി അപകടത്തിൽപ്പെടുകയായിരുന്നു. താഴെ ചൊവ്വക്കും മേലെ ചൊവ്വക്കും മധ്യേ നിരന്തരം അപകടങ്ങളുണ്ടാകുന്ന സ്ഥലമാണ് തെഴുക്കിൽപീടിക.
സുഹൃത്തിനുള്ള മരുന്നുമായി പോകുന്നതിനിടെയാണ് ഹാരിസിനെ മരണം തേടിയെത്തിയത്. ഹാരിസ് കണ്ണൂർ സ്റ്റേഡിയം കോർണറിലെ ‘ദയാ മെഡിക്കൽസ്’ ജീവനക്കാരനാണ്. സുഹൃത്ത് പറഞ്ഞപ്രകാരം കടയിൽനിന്ന് മരുന്നുമെടുത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹാരിസ്. അപകടസ്ഥലത്ത് സ്കൂട്ടർ നിർത്തി സുഹൃത്തിനെ ഫോണിൽ വിളിക്കുന്നതിനിടെയാണ് മരണം അപകടരൂപത്തിലെത്തിയത്. അപകടം നടന്നയുടനെ ഹാരിസിനെ രക്ഷാപ്രവർത്തകർ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതിയ വീടിന്റെ പണി പുരോഗമിക്കുന്നതിനിടെയാണ് കുടുംബത്തെ തേടി ഈ ദുരന്തവാർത്തയെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
പരേതനായ സൈനുൽ ആബിദിന്റെയും സൈനബയുടെയും മകനാണ് മരിച്ച ഹാരിസ്. സഹോദരങ്ങൾ: ഷഫീക്ക്, നിസാർ, ഷെരീഫ, ഷബാന, ഷഹീറ.
അപകടത്തിൽ കട പൂർണമായും തകർന്നു. സമീപത്ത് നിർത്തിയിട്ട സ്കൂട്ടറും തകർന്നു. പരിസരത്തെ വൈദ്യുതത്തൂണും നിലംപൊത്തിയതോടെ വൈദ്യുതിവകുപ്പ് ജീവനക്കാരെത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ടാങ്കറും വൈദ്യുതത്തൂണും മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
Discussion about this post