മടിക്കേരി: ആൾക്കൂട്ടത്തിനിടയിൽ നിരങ്ങി നീങ്ങി എത്തിയ ഭക്തന് മുൻപിൽ മുട്ടുകുത്തി ഇരുന്ന് ദക്ഷിണയും അനുഗ്രഹവും നൽകി മുത്തൻ. ഈ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയയിലും നിറയുന്നത്. ”ഇത് മുത്തപ്പൻ തരുന്നത്. ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും” എന്നുപറഞ്ഞുകൊണ്ടായിരുന്നു 60കാരനായ ഗോപിക്ക് മടിക്കേരി മുത്തപ്പൻ മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികിൽ മുത്തപ്പൻ അനുഗ്രഹവും ദക്ഷിണയും നൽകിയത്.
ആറാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഗോപിയുടെ ഇരുകാലും തളർന്നത്. ഈ ദുരിതത്തിലും എത്തിയതായിരുന്നു ഗോപി. ഭക്തരുടെ നീണ്ടനിരയ്ക്കു മുന്നിൽ നിൽക്കുന്നതിനിടയിൽ ഒരുവേള മുത്തപ്പന്റെ കണ്ണ് തിരക്കിൽനിന്ന് മാറി, നിലത്തിരിക്കുന്ന ഗോപിയിലുടക്കി. അതോടെ ഗോപിക്കു മുന്നിലേയ്ക്ക് എത്തുകയായിരുന്നു. കൈയിലുണ്ടായിരുന്ന ദക്ഷിണ ഗോപിയുടെ കൂപ്പിയ കൈവിടർത്തി അതിൽ നൽകി.
മടിക്കേരി ഗോളിബീജെ സ്വദേശിയാണ് ഗോപി. കരിങ്കല്ലിൽ പേരുകൊത്തിയായിരുന്നു ജീവിതം. കാഴ്ച മങ്ങിത്തുടങ്ങിയതോടെ അതു നിർത്തി. കടമുറി വാടകയ്ക്ക് കൊടുത്തു. സഹോദരൻ ഹരീഷ് പൂജാരിക്കൊപ്പമാണ് ഇപ്പോൾ താമസം.
ഭക്തനു മുന്നിൽ മുത്തപ്പൻ മുട്ടുകുത്തി അനുഗ്രഹം ചൊരിയുന്ന അപൂർവ കാഴ്ച ഏവരുടെയും മനസിനും കുളിർമ നൽകി. ഏപ്രിൽ എട്ടിന് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത് വിദ്യാർഥികളായ സഹോദരിമാർ വീക്ഷിതയും വിസ്മിതയുമാണ്. മുളിയാലേബട്ടിലെ വിമുക്ത ഭടൻ ബി.എസ്. വിഷ്ണു പൂജാരിയുടെയും മുത്തപ്പൻ മടപ്പുരയിലെ ജീവനക്കാരി ബേബിയുടെയും മക്കളാണിവർ.
Discussion about this post