എലപ്പുള്ളി: മൂന്നുവയസുകാരന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിയത്.
‘കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതൽ അന്വേഷണം വേണമെന്നും’ പിതൃസഹോദരൻ ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഷമീർ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവൻ രക്ഷിക്കാനായില്ല.
രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്നാണ് പോലീസിനോട് മാറ്റി പറഞ്ഞത്. ഇതോടെയാണ് പാലക്കാട് കസബ പോലീസിന് സംശയം തോന്നി ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെ ആസിയ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.
കുറെക്കാലമായി ആസിയയും ഭർത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തർക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ കുഞ്ഞ് ഉണ്ടെന്ന കാര്യം ഈ ആൺസുഹൃത്തിനോടു പറഞ്ഞിരുന്നില്ല.
പിന്നീട് ഇയാൾ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാൻ ആസിയ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
എലപ്പുള്ളിയിൽ ആസിയയുടെ വീട്ടിൽ കഴിഞ്ഞദിവസം മൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസ്റ്റഡിയിലെടുത്ത് കസബ പോലീസ് ചോദ്യം ചെയ്തത്.
Discussion about this post