പാലക്കാട്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് ഗൗരിലക്ഷ്മിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒന്നിച്ച് ചേര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍.
ഇന്നലെ പാലക്കാട് കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത് ഗൗരി ലക്ഷ്മിക്ക് വേണ്ടിയാണ്. പാലക്കാട് -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ സുമനസ്സുകളില്‍ നിന്ന് സമാഹരിച്ചത് 7,84,030 യാണ്.
ഷൊര്‍ണൂര്‍ സ്വദേശിയായ ഗൗരി ലക്ഷ്മി എന്ന ഒന്നര വയസുകാരിക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്ന് ബസ് ജീവനക്കാര്‍ തീരുമാനിച്ചു. ഇതിനായി യാത്രക്കാരുടെ സഹകരണവും ഉറപ്പുവരുത്തി. ബസ് ജീവനക്കാര്‍ കൈയ്യില്‍ ടിക്കറ്റ് ബാഗിന് പകരം ബക്കറ്റെടുത്തു.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും ബസ് സ്റ്റാന്‍ഡിലും നടന്ന് പിരിവെടുത്തു. സുമനസുകളായ മനുഷ്യര്‍ കഴിയാവുന്ന സഹായമെത്തിച്ചു. രാത്രി സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ 40 ബസുകളില്‍ നിന്ന് സമാഹരിച്ചത് 7,84,030 രൂപയാണ്!.
ബസ് കേരള എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡുകളില്‍ പിരിവ് നടത്തി 77,000 രൂപ ശേഖരിച്ചു. തുക ബസ് ഉടമകളും ജീവനക്കാരും ശനിയാഴ്ച ഗൗരിയുടെ വീട്ടിലെത്തി അച്ഛന് ലിജുവിനും അമ്മ നിതയ്ക്കും കൈമാറും.
Discussion about this post