കൊളംബോ : സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ശ്രീലങ്ക. ചെലവ് ചുരുക്കുന്നതിന്റെയും വൈദ്യുതി ലാഭിക്കുന്നതിന്റെയും ഭാഗമായി 13 മണിക്കൂര്‍ പവര്‍കട്ടിന് പുറമേ തെരുവ് വിളക്കുകളും അണയ്ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
22 മില്യണ്‍ ആളുകളാണ് രാജ്യത്തെ പവര്‍കട്ടില്‍ വലഞ്ഞിരിക്കുന്നത്. ഇതിന് പുറമേ രാത്രിവിളക്കുകളും അണയ്ക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. എന്നിരുന്നാലും വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകള്‍ അണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വൈദ്യുതി മന്ത്രി പവിത്ര വണ്ണിയാര്‍ച്ചി വ്യക്തമാക്കി.
“ഇന്ത്യയില്‍ നിന്ന് 500 മില്യണ്‍ ഡോളറിന്റെ ഡീസല്‍ കയറ്റുമതി ശനിയാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. അത് ലഭിച്ചാല്‍ ലോഡ് ഷെഡ്ഡിംഗ് സമയം കുറയ്ക്കാനാവും. പക്ഷേ മഴ ലഭിക്കുന്നത് വരെ ഒരു പക്ഷേ മെയ് മാസത്തില്‍ കുറച്ച് സമയം പവര്‍കട്ട് തുടരേണ്ടി വരും. അതുവരെ മറ്റൊന്നും ചെയ്യുക നിര്‍വാഹമില്ല. ഒട്ടും പാഴായി പോകാതെ കഴിവതും വൈദ്യുതി ലാഭിക്കുകയാണ് ഇപ്പോള്‍ ആവശ്യം. തെരുവ് വിളക്കുകള്‍ അണയ്ക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞു.” മന്ത്രി അറിയിച്ചു.
സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുന്നത്. വിദേശനാണയ ശേഖരം തീര്‍ന്നതിനാല്‍ ഇറക്കുമതി തുടരാനാവാതെ വന്നതോടെ അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. കടകള്‍ക്ക് മുന്നിലും പെട്രോള്‍ പമ്പിലുമെല്ലാം ജനങ്ങളുടെ നീണ്ട ക്യൂ സ്ഥിരമായിക്കഴിഞ്ഞു. പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പലരും വാഹനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഡീസല്‍ കിട്ടിയില്ലെങ്കില്‍ വെള്ളിയാഴ്ചയ്ക്ക് ശേഷം ഓടാനാകില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post