മലപ്പുറം: മഞ്ചേരിയില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നഗരസഭാ കൗണ്‍സിലര്‍ മരിച്ചു. മഞ്ചേരി നഗരസഭാ 16-ാം വാര്‍ഡ് യുഡിഎഫ് (മുസ്ലിം ലീഗ്) കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലാണ്(52) മരിച്ചത്. വൈകുന്നേരം ആറുമണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. മഞ്ചേരി കുട്ടിപ്പാറയില്വെച്ച് രാത്രി 10 മണിയോടെയാണ് ആക്രമണമുണ്ടായത്. ജലീല്‍ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹന പാര്‍ക്കിങ്ങുമായി തര്‍ക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതാണോ ആക്രമണത്തിന് കാരണമായത് എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.
Discussion about this post