കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കടലാസിന് ക്ഷാമം നേരിട്ടതോടെ അച്ചടി നിര്‍ത്തി ശ്രീലങ്കന്‍ പത്രങ്ങള്‍. പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് സ്കൂള്‍ പരീക്ഷകള്‍ മുടങ്ങിയതിന് പിന്നാലെയാണ് പത്രങ്ങള്‍ അച്ചടി നിര്‍ത്തിയിരിക്കുന്നത്.
ശ്രീലങ്കന്‍ മാധ്യമസ്ഥാപനമായ ഉപാലിയുടെ കീഴിലുള്ള ഇംഗ്ളീഷ്, സിംഹള പത്രങ്ങളാണ് അച്ചടി നിര്‍ത്തി വയ്ക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പത്രം ദി ഐലന്‍ഡ്, സിംഹള ഭാഷാപത്രമായ ദിവൈന എന്നിവ ന്യൂസ്പ്രിന്റ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാവൂ എന്ന് കമ്പനി അറിയിച്ചു.
Sri Lankan newspaper, The Island, suspends publication over paper shortages
Last week, school exams were suspended indefinitely in the country for the same reason https://t.co/dFOKp7NUL7
— Joe Wallen (@joerwallen) March 25, 2022
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് പോലും പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അച്ചടി നിര്‍ത്തിയിരിക്കുന്നത്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ അച്ചടി നിര്‍ത്തുന്നുവെന്നും അച്ചടിക്ക് തടസ്സം നേരിട്ടതില്‍ വായനക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മറ്റ് ദേശീയ മാധ്യമങ്ങളും പേജുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തിയേക്കുമെന്നാണ് സൂചന.
കടലാസ് ക്ഷാമം മൂലം ചോദ്യപ്പേപ്പര്‍ അച്ചടിക്കാന്‍ കഴിയാഞ്ഞതിനാല്‍ രാജ്യത്തെ 30 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പരീക്ഷകളാണ് കഴിഞ്ഞയാഴ്ച മുടങ്ങിയത്. അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post