തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നതാലി അല്‍വാരേസ് മെസെന് സംവിധാനം ചെയ്ത ‘ക്ളാര സോള’യ്ക്ക്. 20 ലക്ഷം രൂപ സമ്മാനത്തുക ഉള്‍പ്പെടുന്നതാണ് ഈ പുരസ്കാരം. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് ‘ക്ളാര സോള’യുടെ പ്രമേയം.
മികച്ച സംവിധായകനുള്ള രജത ചകോരം ഇനെസ് മരിയ ബാരിയോനുയെവോ ‘കാമില കംസ് ഔട്ട് ടുനൈറ്റിന്. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഡിന ആമെര്‍ സംവിധാനം ചെയ്ത യു റിസെംബിള്‍ മി എന്ന ചിത്രത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ആര്‍കെ ക്രിഷാന്തിന്റെ ആവാസവ്യൂഹത്തിനാണ്.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര് മോഹനന് അവാര്‍ഡ് ഐ ആം നോട്ട് ദ് റിവര്‍ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു.
മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ച ചലച്ചിത്രോത്സവ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആയിരുന്നു. ബോളിവുഡ് അഭിനേതാവ് നവാസുദ്ദീന്‍ സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങില്‍ സാഹിത്യകാരന് ടി പത്മനാഭന്, അടൂര്‍ ഗോപാലകൃഷ്ണന്, മന്ത്രി വി എന്‍ വാസവന്, വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍, ജൂറി ചെയര്മാന് ഗിരീഷ് കാസറവള്ളി, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ രശ്മി ദൊരൈസാമി, ഫിപ്രസ്കി ജൂറി ചെയര്മാന് അശോക് റാണെ, എഫ്എഫ്എസ്ഐ കെ ആര് മോഹനന് അവാര്‍ഡ് ജൂറി ചെയര്മാന് അമൃത് ഗാംഗര്‍ എന്നിവരും പങ്കെടുത്തു.
ചടങ്ങില്‍ സര്‍ഗ്ഗ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ മന്ത്രി കെ എന്‍ ബാലഗോപാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എട്ട് ദിവസങ്ങളിലായി നടന്ന മേളയില്‍ ഇക്കുറി 173 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 11,000ല്‍ അധികം ഡെലിഗേറ്റുകളാണ് ഇക്കുറി പങ്കെടുത്തത്.
Discussion about this post