ഷാര്‍ജ: ജയിലില്‍ കഴിയുന്ന സ്വദേശി വനിതയെ മോചിപ്പിക്കാന്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ ബ്ലഡ് മണി നല്കി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
ഉമ്മുല്‍ ഖുവൈന്‍ സ്വദേശിയായ 59 വയസ്സുകാരിയുടെ ഭര്‍ത്താവാണ് ഷാര്‍ജ റേഡിയോയുടെ ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമിലൂടെ ഭരണാധികാരിയോട് സങ്കടം പങ്കുവെച്ചത്. ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന പരിപാടി നേരത്തെ തന്നെ പ്രശസ്തമാണ്.
ബ്ലഡ് മണി നല്കി ഭാര്യയെ മോചിപ്പിക്കാന്‍ തനിക്ക് സാമ്പത്തിക ശേഷിയില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ പണം താന്‍ നല്‍കാമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിക്കുകയായിരുന്നു.
59കാരിയായ യുഎഇ സ്വദേശിനിയുടെ സ്പോണ്സര്ഷിപ്പിലായിരുന്ന അറബ് പൗരന് ഷാര്‍ജയിലെ കല്‍ബയില്‍ വെച്ചുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. ഇയാളുടെ കുടുംബത്തിന് നിയമപരമായി നല്‍കേണ്ട ബ്ലഡ് മണി നല്കാന് സാധിക്കാതെ വന്നതോടെ സ്പോണ്സറെന്ന നിലയില്‍ 59കാരി അറസ്റ്റിലാവുകയായിരുന്നു.
രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരെ ജയിലിലടയ്ക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഈ വിഷയമാണ് ഭര്‍ത്താവ് ഭരണാധികാരിയെ അറിയിച്ചത്. പണമില്ലെങ്കില്‍ ബ്ലഡ് മണി താന്‍ നല്‍കാമെന്ന് അറിയിച്ച ശൈഖ് സുല്‍ത്താന്‍, ഉടന്‍ തന്നെ സ്ത്രീയെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഷാര്‍ജ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
Discussion about this post