കണ്ണൂര്‍: റോഡപകടങ്ങളില്‍ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. അതിദാരുണമായ ദുരന്തത്തില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കുട്ടിയുടെ ദൃശ്യമാണ് വൈറലാകുന്നത്. ശ്വാസം നിലച്ചുപോകുന്ന രക്ഷപ്പെടലിന്റെ കാഴ്ചയാണ്.
3ാംക്ലാസ് വിദ്യാർഥിയായ ഷാദുറഹ്മാൻ എന്ന എട്ടുവയസ്സുകാരന്റെ അത്ഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയിലെ അബൂബക്കർ -സൈനബ ദമ്പതികളുടെ മകനാണ് തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് പോക്കറ്റ് റോഡില്‍ നിന്ന് അമിതവേഗത്തിലെത്തിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്.
ആദ്യം ബൈക്കില്‍ ഇടിച്ച സൈക്കിളില്‍ നിന്നും കുട്ടി റോഡിന്റെ അപ്പുറത്തേക്ക് തെറിച്ചുവീഴുന്നു, അതേസമയം, പിറകെയെത്തിയ കെഎസ്ആര്‍ടിസി ബസ് സൈക്കിളില്‍ കയറിപ്പോകുന്നു. സൈക്കിള്‍ തവിട്പൊടിയാകുന്നു. റോഡിന്റെ മറുവശത്തേക്ക് വീണ കുട്ടി ഒരു പോറല്‍ പോലുമേല്‍ക്കാതെ അത്ഭുതകരമായി എണീക്കുന്നു.
ഷാദിന്റെ സഹോദരൻ ഇംദാദിന് കഴിഞ്ഞ ദിവസം എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. ഇതിന് പിതാവ് സമ്മാനമായി നൽകിയ സൈക്കിളാണ് അപകടത്തിൽപെട്ടത്. പുത്തൻ സൈക്കിൾ വാങ്ങി രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.
അപകടത്തിൽ ഷാദിന്റെ കാൽ വിരലുകൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് തളിപ്പറമ്പ് സഹ. ആശുപത്രിയിൽ നിന്ന് കാലിന് പ്ലാസ്റ്ററിട്ടിരിക്കുകയാണ്.
കാൽ അനക്കാൻ കഴിയാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാത്തതും പരീക്ഷ എഴുതാനാകാത്തതുമാണ് തളിപ്പറമ്പ് സി.എച്ച്.എം. എ.എൽ.പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായ ഷാദിനെ സങ്കടപ്പെടുത്തുന്നത്. ഇതേത്തുടർന്ന്, ഇതേസ്കൂളിലെ അധ്യാപകനായ പിതൃസഹോദരൻ അഷ്റഫ് അലി വൈകീട്ട് ചോദ്യക്കടലാസ് കൊണ്ടുവന്ന് വീട്ടിൽനിന്ന് പരീക്ഷ എഴുതിക്കുന്നുണ്ട്.
Discussion about this post