‘ഒരുത്തീ’യിലൂടെ നവ്യ നായരുടെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച എസ്‌ഐ ആന്റണിയുടെത്.
നവ്യയുടെ കഥാപാത്രമായ രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്‍ക്കുന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.
ഇപ്പോഴിതാ, വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ പ്രൊഡ്യൂസ് ചെയ്യില്ല എന്ന് നിരവധി നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് ബാബു.
‘ചിത്രത്തില്‍ ആദ്യം ഫിക്സ് ചെയ്ത ക്യാരക്ടര്‍ വിനായകന്റേതാണ്. പിന്നീടാണ് നായികയെ അന്വേഷിക്കാന്‍ തുടങ്ങിയത്. മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങി നിരവധി ഓപ്ഷന്‍സ് മുന്നിലുണ്ടായിരുന്നു. ആ സമയത്താണ് നവ്യയുടെ പുതിയ ഫോട്ടോസ് കാണാനിടയാവുന്നത്.
ഇത് കണ്ടപ്പോള്‍ നവ്യ ഈ കഥാപാത്രത്തിന് ആപ്റ്റ് ആവുമെന്ന് തോന്നി. പിന്നെ വേറെ ആരെയും അന്വേഷിക്കാന്‍ പോയില്ല. നവ്യയോട് സംസാരിക്കുകയും തന്റെ അടുത്ത സിനിമ ഇത് തന്നെയാണെന്ന് നവ്യ തീരുമാനിക്കുകയുമായിരുന്നു,’ സുരേഷ് ബാബു പറയുന്നു.
വിനായകന്റെ പോലീസ് വേഷം മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ മാത്രം സിനിമ നിര്‍മിക്കാന്‍ തയ്യാറാവാമെന്ന് നിരവധി പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘വിനായകന്റെ പോലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകന്‍ മാറണ്ട എന്ന് തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ വിനായകനാണ് വേണ്ടത്. അങ്ങനെ അവസാനമാണ് നവ്യയുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്.’
വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Discussion about this post