മാന്നാര്‍: വഴി ചോദിക്കാനെന്ന വ്യജേനെ സ്കൂട്ടറിലെത്തി നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനില്‍ക്കുന്നതില്‍ വിജിത്തിനെയാണു (28) മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നിത്തല കല്ലുമ്മൂട് കാട്ടില്‍ മുക്കിനു സമീപമായിരുന്നു മോഷണം.
നടന്നുപോയ ചെന്നിത്തല കിഴക്കേവഴി കേശവഭവനത്തില്‍ കോമളത്തിനോട് (58) വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ വിജിത് സമീപം സ്കൂട്ടര്‍ നിര്‍ത്തി അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അവധിക്കു നാട്ടിലെത്തിയതായിരുന്നു വിജിത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിജിത് പിടിയിലായത്.
ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാല പൊട്ടിക്കലുമായി ബന്ധപ്പെട്ടു വിജിത്തിന്റെ പേരില്‍ കോട്ടയം ജില്ലയിലെ പാമ്പാടി സ്റ്റേഷനില്‍ ഒന്നും കറുകച്ചാല്‍ സ്റ്റേഷനില്‍ രണ്ടും കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. കവര്‍ന്ന ആഭരണങ്ങള്‍ തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും സ്വര്ണ്ണക്കടകളിലായിരുന്നു വിറ്റത്.
Discussion about this post