നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത
രാജന്-അമ്പിളി ദമ്പതികളുടെ മൂത്ത മകന് ആര് രാഹുല്‍ രാജിന് ജോലി നല്കി വാക്ക് പാലിച്ച് സര്‍ക്കാര്‍. നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ സെയില്‍സ് മാന്‍ തസ്തികയിലാണ് രാഹുല്‍രാജിന് നിയമനം. ജോലി ഉത്തരവ് രാഹുലിനു മന്ത്രി വിഎന്‍ വാസവന് കൈമാറി.
2020 ഡിസംബര്‍ 22ന് ആണ്, മനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്. നെയ്യാറ്റിന്‍കര വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജനും ഭാര്യ അമ്പിളിയും കുടിയൊഴിപ്പിക്കലിനെത്തിയ പോലീസിനെ പിന്തിരിപ്പിക്കാന് രാജന് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
ഇരുവരും പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. അവകാശ തര്‍ക്കമുള്ള ഭൂമിയില്‍ പിതാവിനെയും മാതാവിനെയും സംസ്കരിക്കാന്‍ ഇളയ മകന് രഞ്ജിത്ത് കുഴി വെട്ടിയതും കേരളം വേദനയോടെ കണ്ട കാഴ്ചയായിരുന്നു. അതി ദാരുണമായ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ കുട്ടികള്‍ക്ക് വീടു നല്‍കാമെന്നും നെല്ലിമൂട് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇവരില്‍ ഒരാള്‍ക്ക് ജോലി നല്‍കാമെന്നും എംഎല്‍എ ആന്സന് വാഗ്ദാനം ചെയ്തിരുന്നു.
ഇതില്‍ ജോലി എന്ന വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും ‘വീട്’ എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോള്‍ ഇന്നു ശരിയാവും നാളെ ശരിയാവും എന്ന മറുപടിയാണ് ലഭിക്കുന്നതെന്നു രാഹുലും രഞ്ജിത്തും പറയുന്നു. വീടു നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍ അന്നു സമീപിച്ചെങ്കിലും സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ കുട്ടികള്‍ അന്നതു കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതുകാരണം വൈദ്യുതി കടന്നു ചെല്ലാത്ത വീട്ടിലാണ് അവര്‍ ഇപ്പോഴും താമസിക്കുന്നത്.
ഭൂമിയുടെ അവകാശികളെ സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ നവ്ജ്യോത് ഖോസ, സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ആ ഫയലുകളും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നുവെന്നാണ് അറിയുന്നത്. ചേട്ടന് രാഹുലിനു ജോലി ലഭിച്ചതില്‍ രഞ്ജിത്തും സന്തോഷവാനാണ്. അന്നു മുടങ്ങിയ പ്ലസ്ടു പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്. ഇടവേളകളില്‍ ഡ്രൈവിങ് പഠനവും നടക്കുന്നുണ്ട്. പിഎസ്സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമിയില്‍ ഒരു വീട് എന്നതു പോലെ തന്നെ ഒരു സര്‍ക്കാര്‍ ജോലിയും രഞ്ജിത്തിന്റെ സ്വപ്നമാണ്.
Discussion about this post