കൊച്ചി: ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം ‘സല്യൂട്ട്’ ഒടിടിയ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി തിയ്യേറ്ററുടമകള്‍. കൊച്ചിയില്‍ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്
ദുല്‍ഖര്‍ സല്മാന് നിര്‍മിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നാണു നടപടി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ഫിയോക് ആരോപിക്കുന്നു.
ജനുവരി 14 ന് സല്യൂട്ട് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചത്.
കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റര്‍ ഉടമകള്‍ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം – അസ്ലം പുരയില്‍, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരന്, ആര്‍ട്ട് – സിറില്‍ കുരുവിള, സ്റ്റില്‍സ് – രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ – ദിനേഷ് മേനോന്, ഫര്സ്റ്റ് എ. ഡി. – അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടെഴ്സ് – അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്, സുബീഷ് സുരേന്ദ്രന് , രഞ്ജിത്ത് മടത്തില്‍. പിആര്‍ഒ – മഞ്ജു ഗോപിനാഥ്.
അതേസമയം, ഹേയ് സിനാമിക എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.
Discussion about this post