തിരുവനന്തപുരം: പിഎഫ് ലോൺ അപേക്ഷിയിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ വിനോയ് ചന്ദ്രന് സസ്പെൻഷൻ. കാസർകോട് ജില്ല വിദ്യാഭ്യാസ ഓഫീസിൽ ജൂനിയർ സൂപ്രണ്ടായ ആർ വിനോയ് ചന്ദ്രൻ ഗയിൻ പിഎഫിന്റെ സംസ്ഥാന നോഡൽ ഓഫിസറാണ്. പൊതുവിദ്യാഭ്യാസ വകുപ്പാണ് സസ്പെൻഡ് ചെയ്തത്.
പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്റെ പ്രതിഫലമായാണ് അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചത്. തുടർന്ന് അധ്യാപിക വിജിയലൻസിൽ പരാതിപ്പെടുകയും കോട്ടയം വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയത്തെ എയ്ഡഡ് സ്കൂൾ അധ്യാപികയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയതായും അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് സസ്പെൻഷൻ. വിനോയ് ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് നൽകുന്നത് അതത് ജില്ലകളിലെ ഗെയിൻ പിഎഫ് നോഡൽ ഓഫിസർമാരാണ്. അവരുടെ അധികാര പരിധിക്ക് പുറത്തുള്ള പോരായ്മകൾ സംസ്ഥാന നോഡൽ ഓഫിസറാണ് പരിഹരിക്കേണ്ടത്. ഈ ചുമതലയായിരുന്നു ആർ വിനോയ് ചന്ദ്രന്.
Discussion about this post