നെടുങ്കണ്ടം: ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ ഈടാക്കിയത് ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ പൂട്ടിയിട്ട് ഹോട്ടലുടമ.
കഴിഞ്ഞ ദിവസം രാമക്കല്‍മെട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയത്തുനിന്നുള്ള സംഘവും കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയും തമ്മിലാണ് സാമ്പാര്‍ വിലയെ ചൊല്ലി വാക്കേറ്റമുണ്ടായത്.
കോട്ടയത്തുനിന്നുള്ള ആറുപേര്‍ കൊമ്പംമുക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്തു. ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചു. അപ്പോഴാണ് ദോശയ്ക്ക് മിനിമം വിലയും ഒപ്പം നല്‍കിയ സമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപയും ഈടാക്കാന്‍ ബില്ല് നല്‍കിയത്.
ഇത് വിനോദസഞ്ചാരികള്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. വിനോദ സഞ്ചാരികളില്‍ ഒരാള്‍ തര്‍ക്കം വീഡിയോയില്‍ പകര്‍ത്തി. അപ്പോഴാണ് ഉടമ സഞ്ചാരികളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്.
വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.
Discussion about this post