വാർസോ: ഉക്രൈനിലെ യുദ്ധതീരത്തു നിന്നും പോളണ്ടിലേക്ക് ഓടിയെത്തുന്ന ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന ഈ മുഖം മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥയുടേതാണ്. യുദ്ധമുഖത്തു നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗയെന്ന രക്ഷാദൗത്യത്തിന് പോളണ്ടിൽ നേതൃത്വം നൽകുന്നത് നഗ്മ മുഹമ്മദ് മല്ലിക് ഐഎഫ്എസ് ആണ്.
വെടിയൊച്ചകൾക്കും ഷെല്ലാക്രമണത്തിനും ഇടയിൽ നിന്നും മാതൃരാജ്യത്തേക്ക് തിരികെയെത്താനായി ഓടിയെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിൽ അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത് നഗ്മയുടെ നേതൃത്വത്തിലാണ്. വിദ്യാർത്ഥികൾക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന നഗ്മയുടെ ആത്മാർത്ഥ സേവനത്തിന്റെ വീഡിയോ പോളണ്ടിൽ രക്ഷാ ദൗത്യത്തിനെത്തിയ കേന്ദ്ര മന്ത്രി വികെ സിങ് പങ്കുവെച്ചിരുന്നു.
ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടിയതിന് ശേഷമാണ് നഗ്മ ഇന്ത്യൻ ഫോറിൻ സർവീസ് കരസ്ഥമാക്കിയത്. ഐഎഫ്എസ് 1991 ബാച്ച് ഉദ്യോഗസ്ഥയാണ്. ഐഫ്എസ് കരസ്ഥമാക്കിയ ആദ്യ മുസ്ലീം വനിതയെന്ന വിശേഷണം കൂടിയുണ്ട് കാസർകോട് സ്വദേശിനിയായ നഗ്മയ്ക്ക്.
ALSO READ- ഞാൻ ഇരയല്ല അതിജീവിതയാണെന്ന് ഭാവന
പാരീസിൽ യുനസ്കോയുടെ ഇന്ത്യൻ മിഷനിലായിരുന്നു നഗ്മയുടെ ആദ്യ പോസ്റ്റിംഗ്.ടുണീഷ്യയിലും ബ്രൂണയിലും അംബാസിഡറായി പ്രവർത്തിച്ചിരുന്നു. പിന്നീട് മുൻ പ്രധാനമന്ത്രി ഐകെ ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായി സേവനം അനുഷ്ടിച്ചു. രാജ്യസേവനത്തോടൊപ്പം അഭിനയത്തിലും ഒരു കൈ നോക്കിയ പരിചയം നഗ്മയ്ക്ക് ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സീരിയലായ ഹം ലോഗിൽ അഭിനേതാവായിരുന്നു.
ന്യൂഡൽഹിയിൽ അഭിഭാഷകനായ ഹരീദ് ഇനാം മല്ലികാണ് ഭർത്താവ്. രണ്ടുമക്കളുണ്ട്. കാസർകോട് ഫോർട്ട് റോഡ് സ്വദേശികളായ മുഹമ്മദ് ഹബീബുല്ലയും സുലുവുമാണ് മാതാപിതാക്കൾ.
Discussion about this post