കീവ്: യുദ്ധത്തിലും സംഘർഷത്തിലും പരിക്കുപറ്റിയവർക്ക് ആശ്വസമായി പാഞ്ഞെത്തിയിരുന്ന ഉക്രൈൻ സൈന്യത്തിലെ പാരാമെഡിക് ‘റൊമാഷ്‌ക’ ഇനിയില്ല. കീവിലെ റഷ്യൻ ആക്രമണത്തിൽ പരിക്കേറ്റവർക്കായി ചികിത്സ ഏറ്റെടുത്തിരുന്ന വാലന്റീന പുഷൈക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഇരയായിരിക്കുകയാണ് ‘റൊമാഷ്‌ക’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന വാലന്റീന. റൊമാഷ്‌ക എന്ന ഉക്രൈനിയൻ പദത്തിന്റെ അർഥം ‘ജമന്തിപ്പൂ’ എന്നാണ്.
കീവ് നഗരത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വാലന്റീന പരിക്കേറ്റവരെ ഒഴിപ്പിക്കാനുള്ള യാത്രയ്ക്കിടെയാണ് വെടിയേറ്റു മരിച്ചത്. വാലന്റീനയുടെ മൃതദേഹം കീവിൽ സംസ്‌കരിച്ചു. ട്രാൻസ്പോർട്ട്-ലോജിസ്റ്റിക്സ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന വാലന്റീന, കിഴക്കൻ ഉക്രൈനിലെ വിഘടനവാദ സംഘർഷവേളയിൽ 2016-ലാണ് പാരാമെഡിക് ആയി ഉക്രൈൻ സൈന്യത്തിൽ ചേരുന്നത്.
ALSO READ- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
വെടിയുണ്ടകളെ പേടിയില്ലാത്ത നിർഭയ എന്നാണ് വാലന്റീനയെ അവരുടെ സുഹൃത്ത് നതാലിയ വൊറൊൻകോവ വിശേഷിപ്പിച്ചത്. പരിക്കേറ്റവർക്ക് ആശ്വാസമായി ഏറ്റവും അപകടകരമായ സ്ഥലങ്ങളിലേക്ക് വാലന്റീന എപ്പോഴും ഓടിപ്പോകുമായിരുന്നെന്നും നതാലിയ ഓർമ്മിച്ചു.
Discussion about this post