ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗീകാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.’ ബർഖാ ദത്ത്.
‘നടി ഭാവന ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു’ എന്ന പോസ്റ്റർ ‘വി ദ വുമൻ ഏഷ്യ’യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാവനയുടെ വെളിപ്പെടുത്തൽ ഉണ്ടായേക്കുക. വി ദ വുമൻ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റർ ഹാൻഡിലുകളിലും, ബർഖാ ദത്തിന്റെ ‘മോജോ സ്റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.
അസ്മ ഖാൻ, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചൻ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോൺ ബെൻസൺ, അമീര ഷാ, ഡോ. ഷാഗുൻ സബർവാൾ, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് അതിഥികൾ.
Discussion about this post