ന്യൂഡല്‍ഹി: യുക്രൈന് യുദ്ധഭൂമിയില്‍ നിന്നും വളര്‍ത്തുനായയുമായെത്തിയ ഇടുക്കി ദേവികുളം സ്വദേശിനി ആര്യ നാളെ എയര്‍ ഇന്ത്യ വിമാനത്തില്‍ കേരളത്തിലേക്ക്
മടങ്ങും. ഇന്ന് കേരള ഹൗസിലാണ് ആര്യയ്ക്കും വളര്‍ത്തുനായയായ സൈറയ്ക്കും താമസമൊരുക്കുക.
വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചതോടെയാണ് തീരുമാനം. എയര്‍ ഏഷ്യയുടെ വിമാനമായിരുന്നു കേരള സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്തിരുന്നത്.
വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചത്. വളര്‍ത്തു മൃഗങ്ങളുമായി വന്നവര്‍ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്ന് കേരള ഹൗസ് വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സാധ്യമാകുന്ന വഴിയിലൂടെ സൈറയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആര്യയുടെ പ്രതികരണം. ആര്യയടക്കം നാലുപേരായിരുന്നു വളര്‍ത്തുമൃഗങ്ങളുമായി യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയത്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ആര്യ തന്റെ വളര്‍ത്തുനായയുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ബുക്കാറസ്റ്റില്‍ നിന്ന് ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു.
യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്. കീവിലെ വെനീസിയ മെഡിക്കല്‍ സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് ആര്യ.
Discussion about this post