തിരുവനന്തപുരം: വിവിധ ആർടി ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളിൽ അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ നീക്കം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റം സംബന്ധിച്ച പരമാവധി അപേക്ഷകൾ ആറ് മാസം കൊണ്ട് തീർപ്പാക്കാനായി സർക്കാർ സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. പുതുതായി ജീവനക്കാരെ നിയമിച്ചും വില്ലേജ് ഓഫീസുകൾക്ക് വാഹനം ഏർപ്പെടുത്തിയുമാണ് സർക്കാർ ഇടപെടുകയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആറുമാസത്തേക്ക് ആയിരത്തോളം ജീവനക്കാരെയാണ് ഇതിനായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്. സ്ഥല പരിശോധനയ്ക്ക് രണ്ട് വില്ലേജുകൾക്കായി ഒരു വാഹനം എന്ന കണക്കിൽ വാഹന സൗകര്യവം ഏർപ്പെടുത്തി കൊണ്ടും റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി കെ രാജൻ അറിയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ജനുവരി 31 വരെ ലഭിച്ച പരാതികളിൽ 6 മാസം കൊണ്ട് തീർപ്പാക്കാൻ കഴിയാവുന്ന വിധത്തിലാണ് സ്റ്റാൻഡേർഡ് ഓഫ് പ്രൊസീജിയർ തയാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി ആറു മാസത്തേക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 31.61 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
അപേക്ഷകൾ സാങ്കേതികതയിൽ കുരുങ്ങി കിടക്കാതിരിക്കാൻ അപേക്ഷകൾ കൈകാര്യം ചെയ്യാനായി നിയമത്തിനുള്ളിൽ നിന്നുകൊണ്ട് നടപടിക്രമങ്ങൾ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കുവാൻ റവന്യു വകുപ്പ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
നിലവിലുള്ള അപേക്ഷകളിൽ ജനുവരി 31 വരെ ലഭിച്ചവ 6 മാസം കൊണ്ട് തീർപ്പാക്കാൻ കഴിയാവുന്ന വിധത്തിലാണ് സ്റ്റാൻഡേർഡ് ഓഫ് പ്രൊസീജിയർ തയാറാക്കുന്നത്. നിലവിൽ ഓരോ ആർഡിഒ ഓഫിസുകളിലുമുള്ള അപേക്ഷകൾ എക്‌സൽ ഷീറ്റിലേക്ക് മാറ്റി ഓരോ വില്ലേജുകളിലേയും പരിശോധനാ രേഖകൾ പ്രത്യേകമായി രേഖപ്പെടുത്തും. വില്ലേജുകളിലെ പരിശോധനയക്കായി സമയക്ലിപ്തത നിജപ്പെടുത്തും.
പരിശോധനയ്ക്ക് ശേഷം അദാലത്തുകളിലൂടെ തരം മാറ്റ നടപടികൾ വേഗവും സുതാര്യതയും ഉറപ്പാക്കും. തരം മാറ്റവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന അനഭിലഷണീയമായ എല്ലാ പ്രവണതകളും ശക്തമായി ഇടപ്പെട്ട് ഇല്ലാതാക്കും.
ആറു മാസകാലം മിഷൻ മോഡിൽ നടത്തുന്ന ഈ പ്രവർത്തനം ആഴ്ചയിലൊരിക്കൽ ജില്ലാ കളക്ടറും മാസത്തിലൊരിക്കൽ ലാൻഡ് റവന്യു കമ്മിഷണറും വിലയിരുത്തും. ഓൺലൈൻ ആക്കിയ ശേഷം ലഭിച്ചിട്ടുള്ള അപേക്ഷകൾ കൃത്യമായി ഇടവേളകളിൽ മന്ത്രി ഓഫീസിൽ തന്നെ നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
also read- നടി കെപിഎസി ലളിത വിടവാങ്ങി, മലയാള സിനിമാ ലോകത്തിന് തീരാനഷ്ടം
സർക്കാർ ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ:
*2,000 ത്തിലധികം അപേക്ഷകൾ തീർപ്പാക്കാനുളള റവന്യു ഡിവിഷനൽ ഓഫിസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, 2 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ ജീവനക്കാർ അടങ്ങുന്ന ഒരു യൂണിറ്റ് അധിക ജീവനക്കാരെ നിയമിക്കും.
*5,000 ത്തിലധികം അപേക്ഷകൾ തീർപ്പാക്കാനുളള 9 ആർഡി ഓഫിസുകളിൽ, ഒരു ജൂനിയർ സൂപ്രണ്ട്, 4 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ അധിക ജീവനക്കാർ.
*1,000-2,000 നും ഇടയ്ക്ക് അപേക്ഷകൾ തീർപ്പാക്കാൻ അവശേഷിക്കുന്ന ആർഡി ഓഫിസുകളിൽ, 2 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ അധിക ജീവനക്കാർ.
*ആയിരത്തിൽ താഴെ അപേക്ഷകൾ നിലനിൽക്കുന്ന ആർഡി ഓഫിസുകളിൽ, നിലവിലുളള സ്റ്റാഫിന് പുറമേ, വകുപ്പിനുളളിൽ നിന്നു തന്നെ അധിക ജീവനക്കാരെ വിന്യസിച്ച് അപേക്ഷകൾ തീർപ്പാക്കണം.
*അപേക്ഷകളുടെ എണ്ണം 100നു മുകളിൽ വരുന്ന വില്ലേജുകളിൽ, ഭൂമിയുടെ തരം മാറ്റൽ അപേക്ഷകൾ കൈകാര്യം ചെയ്യാൻ മാത്രമായി ഒരു ക്ലാർക്കിനെ നിയമിക്കും.
*18 ആർഡി ഓഫിസുകളുടെ പരിധിയിൽ വരുന്ന 51 താലൂക്കുകളിൽ ഒരു ക്ലാർക്ക്, 3 സർവേയർ എന്നിങ്ങനെ അധിക ജീവനക്കാർ. അത്തരത്തിൽ ആകെ 18 ജൂനിയർ സൂപ്രണ്ടിന്റെയും, 819 ക്ലാർക്ക്/ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെയും 153 സർവേയർമാരുടെയും അധിക തസ്തികകൾ സൃഷ്ടിക്കും.
*വില്ലേജുകളിൽ നിലവിൽ യാത്രാസൗകര്യം ഇല്ലാത്തതിനാൽ 100 അപേക്ഷകളിൽ കൂടുതലുള്ള വില്ലേജുകൾക്ക് ഫീൽഡ് പരിശോധനയ്ക്കായി, 2 വില്ലേജുകളിൽ ഒരു വാഹനം എന്ന നിലയ്ക്ക്, 680 വില്ലേജുകളിൽ വാഹന സൗകര്യം അനുവദിക്കും.
*5.99 കോടി രൂപ ചെലവഴിച്ച് കംപ്യൂട്ടർ, സ്‌കാനർ, പ്രിന്റർ തുടങ്ങിയവ വാങ്ങി നൽകും.
Discussion about this post